മുംബൈ: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുപിന്നാലെ കലാപത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അക്രമസംഭവത്തിനുള്ള ഗൂഢാലോചന നടക്കുന്നതായി താക്കറെ പറഞ്ഞു. ജല്‍ഗാവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു താക്കറെയുടെ പ്രസ്താവന. ഗോധ്രയിലേതിന് സമാനമായ സംഭവത്തിനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.
താക്കറെയുടെ പ്രസ്താവനക്കെതിരെ ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ശിവസേന സ്ഥാപകനും ബിജെപിയുടെ മുന്‍സഖ്യകക്ഷിനേതാവുമായ ബാലസാഹേബ് താക്കറെയുടെ അനുഗ്രഹം രാമക്ഷേത്രനിര്‍മാണത്തിന് ലഭിച്ചിട്ടുണ്ടെന്നും പ്രതിപക്ഷനേതാവിന് സദ്ബുദ്ധിയേകാന്‍ ഭഗവാന്‍ രാമനോട് പ്രാര്‍ഥിക്കുമെന്നും രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കുര്‍, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും താക്കറെയെ പ്രതിരോധിച്ച് രംഗത്തെത്തി.
“ഇത് സംഭവിക്കാം, ആക്രമണം നടന്നേക്കാം. ചില കോളനികളില്‍ അവര്‍ ബസുകള്‍ കത്തിക്കും, കല്ലെറിയും, കൂട്ടക്കൊലകള്‍ സംഭവിക്കും, രാജ്യം വീണ്ടും കലാപാഗ്നിയില്‍ എരിയും, ആ അഗ്നിയില്‍ അവര്‍ തങ്ങളുടെ രാഷ്ട്രീയത്തിന്റെ അപ്പങ്ങള്‍ ചുട്ടെടുക്കും”, താക്കറെ പ്രസ്താവിച്ചു.
2002 ല്‍ ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിന്റെ എതാനും കോച്ചുകള്‍ ഒരു സംഘം അഗ്നിക്കിരയാക്കിയ ദുരന്തത്തില്‍ 58 പേര്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യമൊട്ടാകെ നടുക്കമുണ്ടാക്കിയ സംഭവമായിരുന്നു അത്. പിന്നാലെ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. സംഭവത്തിന് ഒമ്പത് വര്‍ഷത്തിന് ശേഷം 31 പേരെ പ്രാദേശിക കോടതി ശിക്ഷിച്ചു. പ്രതിപ്പട്ടികയിലെ 63 പേരെ കോടതി വെറുതെ വിട്ടിരുന്നു.
പൊതുതിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായാണ് രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നത്. ജനുവരിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ രാജ്യത്തിന്റെ വിവിധകോണുകളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.