‘ദൃശ്യ’ത്തെയും ‘ഭീഷ്‍മ’യെയും മറികടന്ന് ‘ആര്‍ഡിഎക്സ്’കളക്ഷനില്‍ നാലാം സ്ഥാനത്ത്; കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ കളക്ഷന്‍
കൊച്ചി:വലിയ പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെ തിയറ്ററുകളിലെത്തുന്ന ചില ചിത്രങ്ങള്‍ അപ്രതീക്ഷിത വിജയങ്ങള്‍ ആവാറുണ്ട്. സമീപകാല മലയാള സിനിമയില്‍ ശബ്ദഘോഷങ്ങളില്ലാതെവന്ന് ഹിറ്റ് അടിച്ച് പോയ ചിത്രങ്ങള്‍ പലതുണ്ട്. ആ നിരയിലെ പുതിയ എന്‍ട്രിയാണ് ഓണം റിലീസ് ആയി എത്തിയ ആര്‍ഡിഎക്സ്.
ഓഗസ്റ്റ് 25 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ ഒരേ രീതിയില്‍ പോസിറ്റീവ് അഭിപ്രായമാണ് ലഭിച്ചത്. ഓണം റിലീസുകളില്‍ ഏറ്റവും മികച്ച അഭിപ്രായം ലഭിച്ച ചിത്രവും ഇത് തന്നെ. പോസിറ്റീവ് അഭിപ്രായം നേടുന്ന ചിത്രം വളരെ വേഗത്തില്‍ തിയറ്ററുകളില്‍ നിറയ്ക്കുന്ന സമീപകാല ട്രെന്‍ഡിന്‍റെ പുതിയ ഉദാഹരണമായി ആര്‍ഡിഎക്സ് മാറുന്നതാണ് പിന്നാലെ ദൃശ്യമായത്.
ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം ഇക്കഴിഞ്ഞ ഞായറാഴ്ചയും കാര്യമായി പ്രേക്ഷകരെ തിയറ്ററുകളില്‍ എത്തിച്ചു. ഈ ഞായറാഴ്ച കേരളത്തില്‍ നിന്ന് ചിത്രത്തിന് 2 കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
17 ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയിരിക്കുന്ന ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 75 കോടി നേടിയതായാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.
അതേസമയം എക്കാലത്തെയും മലയാള ചിത്രങ്ങളുടെ കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട് ആര്‍ഡിഎക്സ്. ദൃശ്യം, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളെയാണ് ലിസ്റ്റില്‍ ആര്‍ഡിഎക്സ് ഏറ്റവുമൊടുവില്‍ മറികടന്നിരിക്കുന്നത്.
കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ എക്കാലത്തെയും മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് 2018 ആണ്. രണ്ടാം സ്ഥാനത്ത് പുലിമുരുകനും മൂന്നാമത് ലൂസിഫറും.