തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനേയും താഹയേയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്താകാന്‍ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി. ഇരുവര്‍ക്കും ഹാജര്‍നില കുറവാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുന്നത്. കേസ് സംബന്ധിച്ച് എല്ലാ കാര്യങ്ങളും നേരത്തെ വിശദമാക്കിയതിനാല്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും നിയമസഭയില്‍ ഈ വിഷയത്തില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം കേസ് എന്‍ഐഎ അന്വേഷിക്കുന്നതിനെ ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ തലത്തില്‍ വലിയ വിവാദങ്ങളാണ് നിലവില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കിരിന് ഇതില്‍ പങ്കില്ലെന്നും കേന്ദ്ര സര്‍ക്കാരാണ് കേസ് എന്‍ഐഎയെ ഏല്‍പിച്ചത് എന്നുമുള്ള വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി. വിഷയത്തില്‍ നേരത്തെ വിശദീകരണം നിയമസഭയില്‍ നല്‍കിയതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അലനും താഹക്കും ഒപ്പം ഉണ്ടായിരുന്ന ഉസ്മാന്‍ നേരത്തെ യുഎപിഎ കേസിലെ പ്രതിയാണ്. ചിദംബരം ആഭ്യന്തര മന്ത്രി ആയിരിക്കെ കൊണ്ടു വന്ന എന്‍ഐഎ നിയമപ്രകാരം ആണ് സംസ്ഥാനം അറിയാതെ കേന്ദ്രം കേസ് ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടായതെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു.
രണ്ട് വിദ്യാര്‍ത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് പ്രതിപക്ഷം സമര്‍പ്പിച്ചു.
നാല് മാസവും രണ്ട് ദിവസവും ആയി അലനും താഹയും ജയിലില്‍ കഴിയുകയാണ്. തെളിവുണ്ടോ എന്ന് പോലും പൊലീസിന് വ്യക്തതയില്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എംകെ മുനീര്‍ ആരോപിച്ചു. ഇരുവരുടേയും കയ്യിലുണ്ടായിരുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയാണ്.