അബുദാബി: ഇസ്ലാമിക നിയമങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്ത് നിലവിലുണ്ടായിരുന്ന വ്യക്തി നിയമങ്ങളില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ, ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസീഡ്യുറല്‍ ലോ എന്നിവയിലെ ചില ആര്‍ട്ടിക്കിളുകളില്‍ ഭേദഗതി വരുത്തി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഉത്തരവിറക്കിയത്. പ്രവാസികളുടെ വില്‍പ്പത്രവും പിന്തുടര്‍ച്ചാവകാശവും, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് മാറ്റമുണ്ടാകുന്നത്.
പുതിയ ഭേദഗതി പ്രകാരം സ്വദേശികളല്ലാത്ത താമസക്കാര്‍ക്ക് പിന്തുടര്‍ച്ചാകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പിന്തുടരാം. അതത് രാജ്യത്തെ പേഴ്ണല്‍ സ്റ്റാറ്റസ് ലോ അനുസരിച്ച് പ്രവാസികളുടെ മരണശേഷം സ്വത്ത് കൈമാറ്റം നടത്താം. മരണത്തിന് മുമ്പ് തന്നെ ഇത്തരത്തില്‍ വില്‍പ്പത്രം എഴുതിയിട്ടുണ്ടെങ്കില്‍ അത് പിന്തുടരാം. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏത് രാജ്യത്ത് വെച്ചാണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമമാണ് ബാധകമാകുക.
നിലവില്‍ ആത്മഹത്യാ ശ്രമം ഉള്‍പ്പെടെയുള്ളവ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. എന്നാല്‍ പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍ വരുന്നതോടെ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയമാക്കും. 1987ലെ പീനല്‍ കോഡ് മൂന്നിലെ ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്തതാണ് മറ്റൊരു പ്രധാന നിയമ പരിഷ്‌കാരം. ഇതനുസരിച്ച് ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായി തന്നെ കണക്കാക്കുകയും പീനല്‍ കോഡിലെ ആര്‍ട്ടിക്കിളുകള്‍ പ്രകാരമുള്ള ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. യുഎഇയില്‍ സ്ത്രീകളുടെ അവകാശ സംരക്ഷണവും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിത്.
മദ്യപാനം, മദ്യവില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം മദ്യപാനം, മദ്യവില്‍പ്പന എന്നിവയില്‍ 21 വയസ്സില്‍ താഴെയുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ മാത്രമാണ് ശിക്ഷ ലഭിക്കുക. 21 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വേണ്ടി മദ്യം വാങ്ങുന്നതും ശിക്ഷാര്‍ഹമാണ്. പൊതുസ്ഥലങ്ങളില്‍ മാന്യമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ക്ക് ആദ്യ തവണ ഇനി മുതല്‍ ജയില്‍ശിക്ഷയ്ക്ക് പകരം പിഴ ചുമത്തുകയാവും ചെയ്യുക.
പുതിയ നിയമപരിഷ്‌കാരങ്ങള്‍ പ്രകാരം ഉഭയസമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശിക്ഷാര്‍ഹമല്ല. എന്നാല്‍ ഇതില്‍ 14 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നയാളാണെങ്കില്‍, പ്രതി ഇരയുടെ അടുത്ത ബന്ധുവാണെങ്കില്‍, ഈ സാഹചര്യങ്ങളില്‍ ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ശിക്ഷാര്‍ഹമാണ്. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗിക ബന്ധം, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കെതിരെയുള്ള ലൈംഗിക പീഡനം എന്നിവ വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്. മറ്റുള്ളവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തില്‍ എന്തെങ്കിലും പ്രവൃത്തി ചെയ്യുന്നതിലൂടെ എതിര്‍ ഭാഗത്തുള്ള വ്യക്തിക്ക് ഹാനികരമായ സംഭവമുണ്ടായാല്‍ ആ വ്യക്തി കുറ്റകൃത്യത്തിന് ഉത്തരവാദിയായിരിക്കില്ലെന്നും പുതിയ നിയമ ഭേദഗതി വ്യക്തമാക്കുന്നു.
#UAEPresident approves amendments to Personal Status, Civil Transactions, Penal Code, Criminal Procedural laws #WamNews
Read More: https://t.co/8tGM7fJHfB pic.twitter.com/8Krvc5B86t— WAM English (@WAMNEWS_ENG) November 7, 2020