ന്യൂഡൽഹി∙ ഇന്ന് വൈകുന്നേരം ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ തീരം തൊടാനിരിക്കെ ബഹിരാകാശത്തുനിന്നുള്ള ചിത്രം പുറത്തുവിട്ടു. യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയാണ് അറേബ്യൻ കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ ചിത്രം രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്നു പങ്കുവച്ചത്.
രണ്ട് ദിവസമായി അറേബ്യൻ കടലിൽ രൂപപ്പെടുന്ന ബിപോർജോയ് ചുഴലിക്കാറ്റിന്റെ, ബഹിരാകാശ നിലയത്തിൽനിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുന്നു എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്. രണ്ട് ദിവസം മുൻപ് കൊടുങ്കാറ്റ് രൂപപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും നെയാദി പങ്കുവച്ചിരുന്നു.
ചുഴലിക്കാറ്റ് ഗുജറാത്തിൽ തീരം തൊടുന്നതിന്റെ മുൻകരുതലായി 74,000 പേരെയാണു മാറ്റിപ്പാർപ്പിച്ചത്. ഗുജറാത്ത് തീരത്തുനിന്നു 200 കിലോമീറ്റർ അകലെയാണ് നിലവിൽ ചുഴലിക്കാറ്റ്. ഗുജറാത്തിലും പാക്കിസ്ഥാൻ തീരങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. 120 മുതൽ 130 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.