25.2 C
Kottayam
Sunday, May 19, 2024

പോക്സോ കേസിന് തെളിവില്ല, ഒഴിവാക്കണം: ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചു

Must read

ന്യൂഡൽഹി∙ ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്സോ കേസ് ഒഴിവാക്കണമെന്ന്  ആവശ്യപ്പെട്ടും പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. പോക്സോ കേസ് ചുമത്തുന്നതിനാവശ്യമായ തെളിവു ലഭിച്ചില്ലെന്നു പൊലീസ് അറിയിച്ചു. ജൂലൈ നാലിനു കേസിൽ വാദം കേൾക്കും.

ബ്രിജ് ഭൂഷണെതിരെ നിരവധി വനിതാ താരങ്ങളാണ് രംഗത്തെത്തിയത്. ഒളിംപ്യൻ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ ജന്തർമന്തറിൽ സമരം ആരംഭിച്ചിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം 15ന് അകം പൂർത്തിയാക്കുമെന്നു കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ സമരം ഒരാഴ്ചത്തേക്കു നിർത്തിവയ്ക്കാൻ താരങ്ങൾ തയാറായി. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി 5 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിലാണു തീരുമാനം. കർഷക സംഘടനകളും ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ലൈംഗിക പീഡന കേസിലും ബ്രിജ് ഭൂഷണെ വെള്ള പൂശാന്‍ പൊലീസ് ശ്രമം നടത്തിയിട്ടുണ്ടെന്നാണ് സൂചന. പരാതി ഉന്നയിച്ച കാലത്ത് താരങ്ങളും ബ്രിജ് ഭൂഷണും നല്ല ബന്ധത്തിലായിരുന്നുവെന്ന് സ്ഥാപിക്കാന്‍ 6 വീഡിയോകളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചുണ്ടെന്നാണ് സൂചന. വിദേശത്തും പീഡിപ്പിച്ചിട്ടുണ്ടെന്ന വാദം പൊളിക്കാന്‍ 6 വിദേശ ഫെഡറേഷനുകളും പ്രതികരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ പര്യടനങ്ങളിലൊന്നും താരങ്ങളുടെ പരാതി കിട്ടിയിട്ടില്ലെന്നാണ് ഫെഡറേഷനുകളുടെ മറുപടിയെന്ന് സൂചനയുണ്ട്.

പോക്സോ കേസ് റദ്ദായാല്‍ ബ്രിജ് ഭൂഷണെതിരായ കുറ്റത്തിന്‍റെ തീവ്രത കുറയും. മറ്റ് പരാതികളും കെട്ടിചമച്ചതാണെന്ന വാദത്തിലേക്ക് എത്തിച്ചാല്‍ ബ്രിജ് ഭൂഷണ് രക്ഷപ്പെടാം. അന്വേഷണത്തില്‍ പൊലീസിന്‍റെ നിലപാടാണ് അന്തിമമെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി കഴിഞ്ഞു. അതേസമയം ബ്രിജ് ഭൂഷണെ രക്ഷപ്പെടുത്തിയാല്‍ സമരം വീണ്ടും ശക്തമാക്കാനാണ് താരങ്ങളുടെ തീരുമാനം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week