InternationalNews

ചൈനാകടലില്‍ അമേരിക്കയുടെ സൈനികാഭ്യാസം,ചൈനയെ വെല്ലുവിളിച്ച് ഇന്ത്യയുടെ കൂട്ടുകാരന്‍

ന്യൂയോർക്ക്:ഇന്ത്യ ചൈന അതിർത്തി പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുമ്പോൾ ചൈനയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ചൈന ‘സ്വന്തം മണ്ണായി’ കരുതുന്ന ദക്ഷിണ ചൈന ക‍ടലിന്റെ നടുക്കാണ് അമേരിക്കൻ നാവിക സേനയുടെ പടപ്പുറപ്പാട്. രാജ്യാന്തര വേദികളിലെ വാക്പ്പോരിലും ആയുധപരീക്ഷണം നടത്തിയും മറ്റും സ്വന്തമെന്നു സ്ഥാപിക്കാന്‍ ചൈന പലപ്പോഴും ലക്ഷ്യമിടുന്ന മേഖലയിലാണ് അമേരിക്കയുടെ പടക്കപ്പലുകൾ ഇരമ്പിയെത്തി കാഹളം മുഴക്കുന്നത്.

ദക്ഷിണ ചൈനാ കടൽ ആരുടേതാണെന്ന തർക്കം മൂക്കുകയും ചൈന നാവികാഭ്യാസം നടത്തുകയും ചെയ്യുന്ന അതേനേരത്തുതന്നെയാണ് യുഎസിന്റെയും നീക്കം. രണ്ടു വിമാനവാഹിനി കപ്പലും അനേകം യുദ്ധക്കപ്പലുകളും വരും ദിവസങ്ങളിൽ ദക്ഷിണ ചൈനാ ക‍ടലിൽ എത്തുമെന്നും സൈനികാഭ്യാസം നടത്തുമെന്നും യുഎസ് നാവിക സേന അറിയിച്ചു.

പസിഫിക് സമുദ്രത്തിലും സാന്നിധ്യമായിരുന്ന യു‌എസ്‌എസ് നിമിറ്റ്സ്, യു‌എസ്‌എസ് റൊണാൾഡ് റീഗൻ എന്നീ വിമാനവാഹിനി കപ്പലുകളാണു ദക്ഷിണ ചൈന കടലിൽ അണിനിരക്കുക. ഫിലിപ്പീൻസ് കടലിലും ഇവ കർമനിരതമാണ്. ‘മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നു സഖ്യകക്ഷികൾക്കും പങ്കാളികൾക്കും സ്പഷ്ടമായി ബോധ്യപ്പെടുത്തുകയാണ് ഈ സൈനിക പ്രകടനം കൊണ്ടുദ്ദേശിക്കുന്നത്.’– റിയർ അഡ്മിറൽ ജോർജ് എം.വിക്കോഫ് പറഞ്ഞു. ചൈനയുടെ നാവികാഭ്യാസത്തിനുള്ള മറുപടിയല്ല ഇതെന്നും റിയർ അഡ്മിറൽ പറഞ്ഞെങ്കിലും അതാണെന്നു പകൽ പോലെ വ്യക്തം.

‘വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ യുഎസ് ഒരു കാര്യം തെളിയിക്കാനാണു ശ്രമിക്കുന്നത്; പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്നത്. ദക്ഷിണ ചൈന കടലിൽ പ്രവേശിച്ച്, ക്സിഷാ– നാൻഷാ ദ്വീപുകളിലെ (പാരാസെൽ – സ്പ്രാറ്റ്ലി) ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുകയാണ്. മാത്രമല്ല, സമീപത്തു കൂടെ സഞ്ചരിക്കുന്ന ജലയാനങ്ങളെയും ഭീഷണിപ്പെടുത്തുന്നു. ആധിപത്യ രാഷ്ട്രീയം പയറ്റുകയാണു യുഎസ് ലക്ഷ്യം’.– ബെയ്ജിങ്ങിലെ നേവൽ വിദഗ്ധൻ ലി ജീയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button