തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ അടക്കം വന്ന ഹൈ റിസ്ക് സമ്പർക്കം വന്ന ആളുകൾക്ക് 14 ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ആരോഗ്യവകുപ്പ്. നിരീക്ഷണത്തിൽ കഴിയവേ തന്നെ എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തണം.
പരിശോധനയിൽ നെഗറ്റീവാണെങ്കിൽ നിരീക്ഷണം അവസാനിപ്പിക്കാം. അതേസമയം, ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി സി രോഗികളെ ആശുപത്രിയിൽത്തന്നെ എത്തിച്ച് ചികിത്സ നൽകണമെന്നും നിർദേശമുണ്ട്.
ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതിയ മാർഗനിർദേശത്തിലാണ് പുതുതായി പാലിക്കേണ്ട നിരീക്ഷണ ചട്ടങ്ങളുടെ വിശദാംശങ്ങളുള്ളത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ ഫലം നിർബന്ധമാക്കിയിരുന്നു. ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 14 ദിവസം മുറിയിൽ ക്വാറന്‍റൈനിൽ കഴിയണം. വരുന്ന എല്ലാവരും ഇ- ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. വാക്സീൻ എടുത്തവരാണെങ്കിലും 48 മണിക്കൂർ മുമ്പത്തെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം.
അല്ലാത്തവർ കേരളത്തിലെത്തിയാൽ ഉടൻ പരിശോധന നടത്തണം. നടത്തി ഫലം കിട്ടുന്നത് വരെ റൂം ക്വാറന്‍റൈനിൽ കഴിയണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം, വയറിളക്കം. പേശിവേദന, മണം നഷ്ടപ്പെടൽ എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്ന് ആരോഗ്യവകുപ്പും നിർദേശിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യം തുടർന്നാൽ ഈ മാസം മുപ്പതോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിലേക്ക് ഉയരുമെന്ന് കോർ കമ്മറ്റിയോഗത്തിന്‍റെ വിലയിരുത്തൽ. ഇതിനിടെ രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷം പേരെ പരിശോധിക്കാനുള്ള കൂട്ടപ്പരിശോധന തുടങ്ങി. രോഗവ്യാപന തീവ്രത ലക്ഷ്യമിട്ടുള്ള മാസ് വാക്സിനേഷനായി 50 ലക്ഷം ഡോസ് ആവശ്യപ്പെട്ട സംസ്ഥാനത്തിന് ഇന്ന് അഞ്ചര ലക്ഷം ഡോസ് എത്തിക്കുമെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
മൂന്ന് ലക്ഷം പേരില്‍ കൂട്ടപ്പരിശോധന, വീടുകളിലെത്തിയുള്ള പരിശോധന, മൊബൈല്‍ പരിശോധന അങ്ങനെ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടി രോഗ ബാധിതരെ കണ്ടെത്തുന്നതോടെ പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുതിക്കുമെന്നാണ് വിലയിരുത്തൽ. ആദ്യ കൂട്ട പരിശോധനയിലെ 82,732 ഫലങ്ങൾ കൂടി ഇനി അറിയാൻ ഉണ്ട്. കണ്ണൂർ , മലപ്പുറം, തൃശ്ശൂർ, കോട്ടയം, കോഴിക്കോട് എന്നീ അഞ്ച് ജില്ലകളിൽ ടെസ്റ്റ് പൊസിറ്റിവിറ്റി ഉയർന്ന് നിൽക്കുന്നതിനാൽ ഇവിടങ്ങളിൽ പരമാവധി പരിശോധന കൂട്ടാൻ നിർദേശം നൽകി.
ടിപിആർ ഉയർന്ന സ്ഥലങ്ങളിൽ 70% പരിശോധനകളും ആർടിപിസിആർ തന്നെ ആകണം. പ്രതിദിനം അരലക്ഷത്തിലധികം രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടാലും ചികില്‍സക്ക് സജ്ജമായിരിക്കണമെന്നാണ് ആശുപത്രികൾക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.