സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി രൂപ

തിരുവനന്തപുരം: സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അഫിലിയേറ്റഡ് കോളജുകള്‍ക്ക് ആയിരം കോടി രൂപ നല്‍കും. സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. ആയിരം തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനിടെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

അഞ്ചു വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്കെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും. എല്ലാ വീടുകളിലും ഒരു ലാപ്പ്‌ടോപ്പ് എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്പ്‌ടോപ്പ് വിതരണ പരിപാടി കൂടുതല്‍ വിപുലവും ഉദാരവുമാക്കും.

പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ അന്ത്യോദയാ വീടുകള്‍ എന്നിവര്‍ക്ക് പകുതി വിലക്കും ബറ്റ് ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് 25 ശതമാനം സബ്‌സിഡിയിലും ലാപ്പ്‌ടോപ്പ് നല്‍കും. ബാക്കി തുക കെ എസ് എഫ് ഇ മൈക്രോ ചിട്ടി വഴി 3 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി. കുടുംബശ്രീ വഴി കെ എസ് എഫ് ഇ മൈക്രോ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ലാപ്പ്‌ടോപ്പ് ലഭിക്കും. ഇതിനു വേണ്ട പലിശ സര്‍ക്കാര്‍ നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News