അപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് കൈവശപ്പെടുത്തി സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചു; രണ്ടു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

മലപ്പുറം: അപകടത്തില്‍ മരിച്ചയാളുടെ ബൈക്ക് സ്വന്തം ആവശ്യത്തിന് അനധികൃതമായി ഉപയോഗിച്ച സംഭവത്തില്‍ രണ്ടു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കാടാമ്പുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് മലപ്പുറം എസ്പി സുജിത്ദാസ് സസ്പെന്‍ഡ് ചെയ്തത്.

ഓഗസ്റ്റ് 28-ന് ദേശീയപാതയില്‍ പിക്കപ്പ്വാനും ബൈക്കും കൂട്ടിയിടിച്ച് കര്‍ണാടക സ്വദേശി വിന്‍സന്റ് മരിച്ചു. അപകടമരണത്തിന് കേസെടുത്ത് പോലീസ് ബൈക്ക് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പിന്നീട് വിന്‍സന്റിന്റെ ബന്ധുക്കള്‍ അന്വേഷിച്ചു വന്നപ്പോള്‍ ബൈക്ക് സ്റ്റേഷനിലുണ്ടായിരുന്നില്ല. കസ്റ്റഡിയിലെടുത്ത ബൈക്ക് സ്വന്തം കാര്യത്തിന് ഉപയോഗിച്ചെന്നും വ്യാജരേഖയുണ്ടാക്കി എന്നുമുള്ള കുറ്റങ്ങളാണ് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത്.

ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് സസ്പെന്‍ഷന്‍. മരിച്ചയാളുടെ ബന്ധുക്കളില്‍നിന്നു ബൈക്ക് വാങ്ങിയെന്നാണ് പോലീസുകാര്‍ പറഞ്ഞത്. എന്നാല്‍ പണം കിട്ടിയിട്ടില്ലെന്നും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News