സംസ്ഥാനത്ത് രണ്ടു കൊവിഡ് മരണങ്ങള്‍ കൂടി; മരണസംഖ്യ 58 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ആലുവ സ്വദേശി ചെല്ലപ്പന്‍, ന്യുമോണിയ ബാധിച്ചു മരിച്ച തലശേരി സ്വദേശി ലൈല എന്നിവര്‍ക്കാണ് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ചെല്ലപ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയുടെയും മകന്റെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്.

ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ നിന്നും മൊബൈല്‍ ഐസിയുവില്‍ കേരളത്തിലേക്കു വരികയായിരുന്നു ലൈല. വരുന്ന വഴി ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം സംഭവിച്ചു.

തുടര്‍ന്ന് നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ബംഗളൂരുവില്‍ വച്ച് നടത്തിയ കൊവിഡ് പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഇതോടെ ശനിയാഴ്ച മാത്രം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ഇതുവരെ 58 പേരാണ് രോഗം ബാധിച്ചു മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News