വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി ചാലിയാറിലും പരിസരത്തും നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചു. ചാലിയാറിൽ നിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. തിരച്ചിൽ അവസാനിപ്പിച്ച ദൗത്യസംഘം മടങ്ങി. വിവിധ മേഖലകളായി തിരിഞ്ഞാണ് ഇവിടെ തിരച്ചിൽ നടക്കുന്നത്. ചാലിയാറിൽ നിന്ന് നേരത്തെ നിരവധി ശരീരഭാഗങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് തിരച്ചിൽ ശക്തമാക്കിയത്.
മേഖലയിൽ ഇന്ന് നടന്ന പരിശോധനയില്‍ ഒരു തലയോട്ടിയും മറ്റൊരു ശരീരഭാഗവുമാണ് കണ്ടെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്താണ് തലയോട്ടിയും ഇരുട്ടുകുത്തി മേഖലയില്‍ നിന്നാണ് ശരീരഭാഗവും കണ്ടെത്തിയത്. ഇവിടെ നിന്ന് കണ്ടെത്തിയ തലയോട്ടിയും ശരിരഭാഗവും ദൗത്യസംഘം കല്‍പ്പറ്റയില്‍ എത്തിച്ചിട്ടുണ്ട്.
എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചാലിയാറിൽ തിരച്ചില്‍ നടത്തിയത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു പരിശോധനകൾ നടന്നത്. 60 അംഗ സംഘമായിരുന്നു തിരച്ചിലിന് രംഗത്തുണ്ടായിരുന്നത്. വൈദഗ്ദ്ധ്യം ആവശ്യമായതിനാൽ സന്നദ്ധപ്രവർത്തകർക്ക് പങ്കെടുക്കാൻ അനുമതി നൽകിയിരുന്നില്ല.
കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ കണ്ടെത്തുകയാണ് തിരിച്ചലിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്നത് പോലെ സമാനമായ രീതിയില്‍ ജനകീയ തിരച്ചില്‍ ആയിരുന്നില്ല നടന്നത്. കഴിഞ്ഞ ദിവസം നടന്ന ജനകീയ തിരച്ചിലില്‍ ഈ മേഖലയിൽ നിന്ന് മൂന്ന് ശരീരഭാഗങ്ങളായിരുന്നു കണ്ടെത്തിയത്.
പരപ്പന്‍പാറയ്ക്ക് സമീപത്ത് നിന്ന് ഇന്നലെ കണ്ടെത്തിയ മൂന്ന് ഭാഗങ്ങളും പോസ്‌റ്റുമോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. ഇവ മനുഷ്യന്റേതുതന്നെ ആണോ എന്ന് പോസ്‌റ്റുമോര്‍ട്ടത്തിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. അട്ടമലയില്‍നിന്ന് എല്ലിന്‍ കഷ്‌ണവും കണ്ടെത്തിയിരുന്നു. ഇതും മനുഷ്യന്റേതാണോ എന്ന് ഉറപ്പില്ലാത്തതിനാല്‍ വിശദ പരിശോധനക്കായി അയക്കുകയായിരുന്നു.
ചാലിയാറിന് പുറമെ വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായം മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും ഇന്ന് തിരച്ചില്‍ നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇതുവരെ 229 മൃതദേഹങ്ങളും 198 ശരീര ഭാഗങ്ങളും ഉള്‍പ്പെടെ ആകെ 427 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 130 പേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. ജില്ലയില്‍ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ആകെ നാലായിരത്തിലധികം പേരാണ് ഇപ്പോഴും കഴിയുന്നത്.