രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍
ന്യൂഡല്‍ഹി: രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മൈക്രോവേവ് ഓവനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ദക്ഷിണ ഡല്‍ഹിയിലെ ചിരാഗ് ഡില്ലിയിലാണ് സംഭവം. വീട്ടിന്റെ അടുക്കളയില്‍ വച്ചിരുന്ന മൈക്രോവേവ് ഓവനിലാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിക്കുന്നത്. കുഞ്ഞിന്റെ അച്ഛന്‍ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ഇത്. വലിയ ശബ്ദം കേട്ടെത്തിയ അയല്‍വാസികള്‍ വീട് പൂട്ടിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോള്‍ കുട്ടിയുടെ അമ്മ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടു.
തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞിനെ ഓവനിനുള്ളില്‍ കണ്ടെത്തിയത്.
പോലീസെത്തി പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. കുഞ്ഞ് എങ്ങനെ ഓവനിലുള്ളില്‍ കുടുങ്ങിയെന്നതടക്കം സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
മരണത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ ചോദ്യം ചെയ്യുന്നുണ്ടെന്നും കേസില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുഞ്ഞ് എങ്ങനെ ഓവനിലുള്ളില്‍ എത്തി എന്നതിന് തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.