News

പശുക്കടത്ത് ആരോപിച്ച് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; അഞ്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബംഗളൂര്‍: കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. കര്‍ണാടകയിലെ ബെല്‍ത്തങ്ങാടിയിലെ മേലാന്തബെട്ടുവില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. അബ്ദുല്‍ റഹീം, മുഹമ്മദ് മുസ്തഫ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.

പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയിരുന്നു. മേലാന്തബെട്ടു ഗ്രാമ പഞ്ചയാത്ത് ഓഫീസിനു സമീപം എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. രണ്ടു ബൈക്കുകകളിലായി എത്തിയവര്‍ ഇവരുടെ വാഹനം തടഞ്ഞു. ഇതിനു പിറകെ കാറില്‍ മറ്റൊരു സംഘമെത്തുകയും ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇവര്‍ ഇരുമ്പ് ദണ്ഡുകൊണ്ട് ആക്രമിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ പശുക്കളുണ്ടായിരുന്നില്ല. വാഹനം പരിശോധിക്കുക പോലും ചെയ്യാതെയാണ് അവര്‍ മര്‍ദിച്ചതെന്ന് യുവാക്കള്‍ പറഞ്ഞു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് ഇവരെ മര്‍ദിച്ചത്. സംഭവത്തില്‍ ബെല്‍ത്തങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഞ്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മൂന്നു പേര്‍ക്കായുള്ള തെരച്ചിലിലാണ്. പശുക്കടത്ത് നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കര്‍ണാടക നിയമസഭ കഴിഞ്ഞ ഫെബ്രുവരിയില്‍ നിയമം പാസാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button