സൗദിയില്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് മരണം

ജിദ്ദ: റിയാദില്‍ നിന്നു ജിദ്ദയിലേക്ക് നഴ്സുമാരുമായി വരികയായിരുന്ന വാന്‍ ത്വാഇഫിനടുത്ത് താഴ്ചയിലേക്ക് മറിഞ് രണ്ട് മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (29),കൊല്ലം ആയൂര്‍ സ്വദേശിനി സുബി (33) എന്നിവരാണ് മരിച്ച നഴ്സുമാര്‍. മരിച്ച ഡ്രൈവര്‍ കല്‍ക്കട്ട സ്വദേശിയാണ്.

ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ചു നഴ്സുമാരില്‍ നാന്‍സി, പ്രിയങ്ക എന്നീ മലയാളികള്‍ ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രിയിലും ചെന്നൈ സ്വദേശികളായ റൂമിയ കുമാര്‍, ഖുമിത അറുമുഖന്‍, രജിത എന്നിവര്‍ ത്വാഇഫ് പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയിലും ചികിത്സയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല.

ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം. ഈ മാസം മൂന്നിനാണ് ഇവര്‍ റിയാദില്‍ എത്തിയത്. അവിടെ നിന്നും ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ജിദ്ദയിലെ വിവിധ ആശുപത്രികളില്‍ ജോലിക്ക് പ്രവേശിക്കാന്‍ വരുന്നതിനിടയിലാണ് അപകടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News