KeralaNews

വയനാട് ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി; ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

വയനാട്: മീനങ്ങാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പര്‍ക്ക് പരിക്കേറ്റു. കോളേരി സൊസൈറ്റി കവല മുണ്ടിയാനിയില്‍ കരുണാകരന്‍, പാലാറ്റില്‍ രാമചന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 10 മണിയോടെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാന്‍ രണ്ടു പേരേയും ആക്രമിക്കുകയായിരുന്നു.

നടക്കാനിറങ്ങിയപ്പോഴാണ് കരുണാകരന് നേരെ ആക്രമണം ഉണ്ടായത്. വനപ്രദേശത്തുനിന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. അപ്പാട് ഭാഗത്തു നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തുരത്തിയ ആനയാണ് ജനവാസ കേന്ദ്രത്തിലെത്തി ആക്രമണം നടത്തിയത്. ആത്മരക്ഷാര്‍ത്ഥം അടുത്ത വീട്ടിലേക്കോടിയ ഇയാളെ ആന പിന്തുടരുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തില്‍ വീടിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. ഗുരുതരപരിക്കേറ്റ കരുണാകരന്‍ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാട്ടാനയുടെ ആക്രമണത്തില്‍ രാമചന്ദ്രന്റെ കൈയ്ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആന ഇറങ്ങിയ കാര്യം ഫോറസ്റ്റുകാര്‍ അറിയിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജനവാസ മേഖലയില്‍ കാട്ടാന എത്തിയതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button