കൊല്ലം: കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു. മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയും നാലംഗ സംഘം മർദ്ദിക്കുകയായിരുന്നു. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി , സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഇന്ന് വാർത്തയുമായി ബന്ധപ്പെട്ട് പുറത്ത് പോയപ്പോഴായിരുന്നു സംഭവം.
തിരികെ മടങ്ങുന്നതിനിടെ പ്രദേശത്തെ ഒരു റോഡിന്റെ ചിത്രം സുധീർ പകർത്തിയിരുന്നു. ഈ റോഡിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയത് എന്ന് സംശയിച്ച് പിന്തുടർന്നെത്തിയ നാലംഗ സംഘം അനിലിനെയും സുധീറിനെയും തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. അക്രമി സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.