വ്ലാഡിമിർ പുതിൻറെ വിമർശകനായ റഷ്യൻ പോപ് ഗായകനെ മരിച്ചനിലയിൽ കണ്ടെത്തി
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിന്റെ കടുത്ത വിമർശകനായിരുന്ന പോപ് ഗായകൻ ദിമ നോവയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രി വോൾഗ നദി മറികടക്കാൻ ശ്രമിക്കുന്നതിനിടെ മഞ്ഞിൽ വഴുതിയായിരുന്നു അപകടം. ക്രീം സോഡ എന്ന പോപ് ഗ്രൂപ്പിന്റെ സ്ഥാപകനായിരുന്നു 34-കാരനായ ദിമ.
വോള്‍ഗ നദി കടക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അപകടസമയത്ത് ദിമയുടെ സഹോദരന്‍ റോമയും മറ്റു രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നെന്നും ഇവരും അപകടത്തില്‍പ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്.
ദിമ നോവയുടെ അക്വാ ഡിസ്കോ എന്ന ഗാനം റഷ്യയുടെ യുക്രെെൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രചാരം നേടിയിരുന്നു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളില്‍ ദിമ നോവയുടെ ഗാനം നിരന്തരം മുഴങ്ങിയിരുന്നു.
‘ഇന്നലെ രാത്രി ഒരു ദുരന്തം സംഭവിച്ചിരിക്കുന്നു. നമ്മുടെ സംഘത്തിലെ ദിമ വോൾഗ നദി മറികടക്കുന്നതിനിടെ മഞ്ഞിൽ വഴുതിവീണു. കൂടെയുണ്ടായിരുന്ന സഹോദരൻ റോമയ്ക്കും സുഹൃത്ത് ഗോഷ കിസലെവിനുമായി തിരച്ചിൽ തുടരുകയാണ്. അരിസ്റ്റാർക്കസിന്റെ മൃതദേഹം ലഭിച്ചു. മറ്റ് വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച് പുറത്തുവിടും’, തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ക്രീം സോഡ അറിയിച്ചു.