കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിപിഎമ്മിനെ വെട്ടിലാക്കി ഫെയ്സ്ബുക് പോസ്റ്റിട്ടു മുങ്ങിയ ആകാശ് തില്ലങ്കേരിയുടെ രണ്ട് കൂട്ടാളികൾ കണ്ണൂരിൽ പിടിയിൽ. ജിജോ തില്ലങ്കേരിയും ജയപ്രകാശ് തില്ലങ്കേരിയുമാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
മന്ത്രി എംബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡിവൈഎഫ്ഐ പ്രവർത്തകയുമായ ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ് ആകാശ്. വീട്ടിൽ പരിശോധന നടത്തിയെന്നും ഫോൺ സ്വിച്ച്ഡ് ഓഫാണെന്നും പൊലീസ് പറയുന്നു. എന്നാൽ ആകാശ് ഫേസ്ബുക്കിൽ സജീവമാണ്.
പരാതി നൽകിയ ശ്രീലക്ഷ്മിക്കെതിരെ ആകാശും കൂട്ടാളികളും സൈബറാക്രമണം തുടരുകയാണ്. താൻ ഉൾപെട്ട രണ്ട് രാഷ്ട്രീയ കൊലപാതക കേസുകൾ ചൂണ്ടിക്കാട്ടിയും ഇപ്പോൾ ഒറ്റുകാരനാക്കുന്നത് അംഗീകരിക്കില്ലെന്ന് ആവർത്തിക്കുന്ന ആകാശിന്റെ നീക്കത്തിൽ നേതൃത്വത്തിന് ആശങ്കയുണ്ട്.ശനിയാഴ്ച ഉച്ചയോടെ ജയപ്രകാശിനെ തില്ലങ്കേരിയിൽ നിന്നാണ് പോലീസ് പിടികൂടിയത്. തൊട്ടുപിന്നാലെ ജിജോ പോലീസിൽ കീഴടങ്ങുകയായികരുന്നുവെന്നാണ് വിവരം.