കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് രണ്ടു പേര്‍ മരിച്ചു

കോട്ടയം: കോട്ടയത്ത് വെള്ളക്കെട്ടില്‍ കാണാതായ രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. പെരുമ്പായിക്കാട് സ്വദേശി സുധീഷ് (28), നട്ടാശ്ശേരി സ്വദേശി കുര്യന്‍ ഏബ്രഹാം (60) എന്നിവരാണ് മരിച്ചത്. ഇതോടെ കോട്ടയം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി.

കഴിഞ്ഞ ദിവസം മണര്‍കാട് കാര്‍ ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്‍ ഒഴുക്കില്‍പെട്ടപ്പോള്‍ കരക്കെത്തിക്കാനുള്ള ശ്രമത്തിനിടയിലാണ് ജസ്റ്റിന്‍ കാറിനുള്ളില്‍ പെട്ടത്. നാട്ടുകാരെ സഹായത്തിന് വിളിച്ച് ക്രെയിന്‍ ഏര്‍പ്പാടാക്കിയ ശേഷം കാറില്‍ ഹാന്‍ഡ് ബ്രെയ്ക്ക് മാറ്റാനായി കയറിയതായിരുന്നു. കാറിനുള്ളിലേക്ക് വെള്ളം കയറുകയും വെള്ളക്കെട്ടിലേക്ക് ഒഴുകി പോകുകയും ചെയ്തു. എയര്‍പോര്‍ട്ടില്‍ ടാക്സി ഡ്രൈവറായിരുന്നു ജസ്റ്റിന്‍.

അതേസമയം കോട്ടയത്ത് ചിലയിടങ്ങളില്‍ മഴ തുടരുകയാണ്. കുമരകം റോഡില്‍ വെള്ളക്കെട്ട് തുടരുകയാണ്. എം.സി റോഡില്‍ ഗതാഗത തടസം നീങ്ങി. കോട്ടയത്തേയും ആലപ്പുഴയേയും ബന്ധിപ്പിക്കുന്ന റോഡുകളെല്ലാം വെള്ളത്തില്‍ തന്നെയാണ്. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലുള്ള തിരുവാര്‍പ്പ്, അയ്മനം, ആര്‍പ്പൂക്കര, കുമരകം പ്രദേശങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്.

കോട്ടയം നഗരപ്രദേശങ്ങളില്‍ നിന്നും ചെറിയ തോതില്‍ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. 5500 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. പാലായില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചു. ഈരാറ്റുപേട്ട റോഡില്‍ നിന്നും ഏറ്റുമാനൂര്‍ റോഡില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News