കോഴിക്കോട്: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കെ. സി വേണുഗോപാലിനെതിരേ പരസ്യ വിമര്‍ശനം ഉന്നയിച്ച പ്രദേശിക നേതാക്കള്‍ക്കെതിരേ നടപടിയുമായി കോഴിക്കോട് ഡിസിസി. വിമര്‍ശനം നടത്തിയ രണ്ടു പ്രാദേശിക നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ അറിയിച്ചു. സലീം കുന്ദമംഗലം, അബ്ദുള്‍ റസാഖ് എന്നിവര്‍ക്കെതിരേയാണ് ജില്ലാ നേതൃത്വം നടപടിയെടുത്തത്. കോഴിക്കോട് വെള്ളലി ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളാണ് ഇരുവരും.
സിപിഎം പരിപാടികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിര്‍ദേശവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറിലേക്ക് ശശി തരൂരിനും കെ.വി. തോമസിനും ക്ഷണമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്.
സിപിഎം പരിപാടിയില്‍ നേതാക്കള്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമല്ല. കോണ്‍ഗ്രസിനെ ദ്രോഹിക്കുന്ന സിപിഎമ്മുമായി ഒരു സഹകരണത്തിനും തയാറല്ലെന്നും സുധാകരന്‍ പറഞ്ഞു. ജെബി മേത്തറുടെ സ്ഥാനാര്‍ഥിത്വത്തിലും സുധാകരന്‍ പ്രതികരിച്ചു. ജെബി മേത്തര്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായിരുന്നില്ല. താന്‍ കൊടുത്ത പട്ടികയില്‍ നിന്നുള്ള പേരാണിതെന്നും സുധാകരന്‍ പറഞ്ഞു. എം. ലിജുവിന് വേണ്ടി കത്തെഴുതി എന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. എസ്ഡിപിഐ, ബിജെപി പരിപാടിയില്‍ പോകാന്‍ മടിയില്ലാത്തവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നാണ് കോടിയേരിയുടെ വിമര്‍ശനം.