‘ആശുപത്രിയുടെ മുന്നില്‍ റോങ്ങ് സൈഡും അമിതവേഗതയും’; വഴിമുടക്കിയ സ്വകാര്യബസിന്റെ വീഡിയോ പങ്കുവെച്ച് ആന്റണി വര്‍ഗീസ്
കൊച്ചി: അമിത വേഗതിയില്‍ എതിര്‍വശത്തേക്ക് കയറി വന്ന്, നിരത്തില്‍ ഗതാഗത തടസം സൃഷ്ടിച്ച സ്വകാര്യ ബസിന്റെ വീഡിയോ പകര്‍ത്തി നടന്‍ ആന്റണി വര്‍ഗീസ്. എറണാകുളം സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ വച്ചാണ് സംഭവം. നമ്മുടെ നാട്ടിലെ വണ്ടിക്കാരുടെ പരിപാടി ഇങ്ങനെയാണ് എന്നും ആന്റണി വര്‍ഗീസ് പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
ഓവര്‍ സ്പീഡില്‍ റോങ് സൈഡ് കയറിവന്ന് അവിടെ മൊത്തം ബ്ലോക്ക് ആക്കിയത് ഈ ബസ്സ് ആണ്. അതും എറണാകുളം ഗവണ്മെന്റ ജനറല്‍ ഹോസ്പിറ്റലിന്റെ മുന്നില്‍. എത്ര രോഗികള്‍ ദിവസവും വരുന്ന സ്ഥലമാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവച്ച വിഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരിച്ചത്.
താങ്കള്‍ ഒരു ഡ്രൈവറിന്റെ മകനല്ലേ? ഇതില്‍ ബസ്സുകാരെ തെറി വിളിക്കുന്നവന്മാരില്‍ പലരും ഒരു കാലത്ത് ഒരു രൂപ കൊടുത്ത് ബസില്‍ സ്‌കൂളില്‍ പോയികൊണ്ടിരുന്നവരാണ്. അല്ലെകില്‍ ഇപ്പോഴും പലരുടെയും മക്കളും സ്‌കൂളില്‍ പോയികൊണ്ടിരിക്കുന്നു. ഇപ്പോള്‍ പൈസകരായി, സ്വന്തം വണ്ടിയായി, അപ്പോള്‍ ബസ്സുകാരെയൊക്കെ കണ്ണില്‍ കാണാന്‍ പറ്റാത്തവരായി എന്നും ആന്റണിയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ ഈ കമന്റിന് എതിര്‍പ്പ് പ്രകടിപ്പിച്ചും പ്രതികരണങ്ങള്‍ എത്തി.
ബസില്‍ കേറാറുണ്ട് ഇപ്പോഴും കേറും. എന്നുവച്ച് ഒരാള്‍ റോങ്‌സൈഡ് കയറി വന്നു വഴി തടസപ്പെടുത്തുമ്പോള്‍ പിന്നെ മറ്റു വണ്ടികള്‍ എങ്ങനെ പോകും. റോഡ് ആരുടേയും തറവാട്ടുസ്വത്തല്ല അത് പ്രൈവറ്റ് ബസ് ആയാലും കെഎസ്ആര്‍ടസിയായാലും. റോഡില്‍ കൂടെ വാഹനം ഓടിക്കുമ്പോള്‍ എതിരെ വരുന്ന ഏതു വണ്ടിയോടും ഒരു പരസ്പര ബഹുമാനം ഉണ്ടാവണം.
ഔദാര്യം അല്ലാ അവകാശമാണ്. ഇങ്ങനെ റോങ്ങ് കേറി വരുന്ന സമയം ഒരു ആംബുലന്‍സ് കടന്നു വന്നാല്‍ ഉള്ള അവസ്ഥ എന്താകും, ആ ആംബുലന്‍സില്‍ നമ്മുടെ വേണ്ടപ്പെട്ട ആരേലും ആണെങ്കില്‍ എന്ന് ഒന്ന് ഓര്‍ത്തു നോക്കിക്കേ, ഒരുപക്ഷെ അവരുടെ സമയം പോയിട്ട് ആവും, പക്ഷെ ഹോസ്പിറ്റല്‍ റോഡില്‍ ലേശം ക്ഷമ കാണിച്ചേ മതിയാകൂ എന്നിങ്ങനെയായിരുന്നു നിരവധി പ്രതികരണങ്ങളും.