കൊച്ചിയിൽ മണിചെയിൻ മോഡൽ കോടികളുടെ തട്ടിപ്പ്;,മുൻ മന്ത്രിയുടെ ബന്ധുവിന് പങ്കെന്ന് പരാതി,2 പേർ അറസ്റ്റിൽ

കൊച്ചി: മണിചെയിൻ കമ്പനിയുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രമോട്ടർമാരായ രണ്ട് പേർ കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ ബെൻസൻ, ജോഷി എന്നിവരാണ് പിടിയിലായത്. വെണ്ണല സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

2019 ൽ യുഎഇയിൽ റജിസ്റ്റർ ചെയ്ത ‘ക്രൌഡ് വൺ’ എന്ന കമ്പനിയുടെ പേരിലാണ് ജനങ്ങളിൽ നിന്നും   നിക്ഷേപം സ്വീകരിച്ചിരുന്നത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കോടികളാണ് കമ്പനിയുടെ പേരിൽ തട്ടിയെടുത്തത്. പണം ബിറ്റ്കോയിനിലേക്ക് മാറ്റിയെന്നാണ് പ്രതികൾ നൽകിയ മൊഴി. കേസുമായി ബന്ധപ്പെട്ട് മറ്റു രണ്ട് പ്രധാന പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 

തട്ടിപ്പിൽ സംസ്ഥാനത്തെ ഒരു മുൻ മന്ത്രിയുടെ ബന്ധുവിനും പങ്കുണ്ടെന്നാണ് പരാതിക്കാർ ആരോപിക്കുന്നത്. ഈ സ്വാധീനമുപയോഗിച്ചാണ് അറസ്റ്റിലായ പ്രതികളടങ്ങുന്ന സംഘം കോടികൾ തട്ടിയെടുത്തത്.  ഈ പണമുപയോഗിച്ച് പ്രതികൾ വലിയ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വീഡൻ സ്വദേശിയാണ് കമ്പനിയുടെ ഉടമയെന്നാണ് പ്രതികൾ പറയുന്നത്. എന്നാൽ ഇടപാടുകളിൽ പലതും നടന്നത് കേരളത്തിലാണ്. കൂടുതൽ പേർക്ക് പണം നഷ്ടമായോ എന്നതിൽ വരും ദിവസങ്ങളിൽ വ്യക്തത ലഭിച്ചേക്കും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News