ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം: ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന നടത്തിയ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. രണ്ടു പേര്‍ രക്ഷപെട്ടു. തിരുവനന്തപുരം കിള്ളിപ്പാലം ബണ്ട് റോഡിലെ കിള്ളി ടൂറസ്റ്റ് ഹോമിലാണ് സംഭവം. ലോഡ്ജില്‍ പരിശോധന നടത്താനെത്തിയ പോലീസിനു നേരെ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ഇവര്‍ രക്ഷപെട്ടത്.

നെടുങ്കാട് കടയ്ക്കല്‍ രജീഷ്(22), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവും എംഡിഎംഎയും ഉള്‍പ്പടെയുള്ള ലഹരിയാണ് ഇവിടെ വില്‍പ്പന നടത്തിയിരുന്നത്. തോക്ക് ഉള്‍പ്പടെയുള്ള ആയുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നു.

അഞ്ച് കിലോ കഞ്ചാവ്, രണ്ടു ഗ്രാം എംഡിഎംഎ, രണ്ട് പെല്ലറ്റ് ഗണ്‍, ഒരു ലൈറ്റര്‍ ഗണ്‍, രണ്ടു വെട്ടുകത്തി, അഞ്ച് മൊബൈല്‍ ഫോണുകള്‍ എന്നിവ ഇവരില്‍ നിന്നും കണ്ടെത്തി. മൂന്നാം നിലയില്‍ നിന്നും ചാടിയാണ് രണ്ടുപേര്‍ രക്ഷപെട്ടത്. ഇവര്‍ രക്ഷപെടുന്നതിന്റെ സിസിടിവിസ ദൃശ്യങ്ങള്‍ പോലീസു ലഭിച്ചു.

ഏറെ നാളായി ലോഡ്ജില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനയ്ക്കായി എത്തിയത്. രക്ഷപെട്ടവര്‍ക്കു വേണ്ടി പോലീസ് തെരച്ചില്‍ വ്യാപകമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News