ടിപ്പര്‍ ലോറിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം

കാളികാവ്: ടിപ്പറിടിച്ച് രണ്ടര വയസുകാരന്‍ മരിച്ചു. കാളികാവ് പോലീസ് സ്‌റ്റേഷന് സമീപം താമസിക്കുന്ന കുരിക്കള്‍ സിനാന്‍-റിസ്‌വാന ദമ്പതികളുടെ മകന്‍ ഐദിനാണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ കുട്ടിയുടെ മാതാവിന്റെ വീടിന് മുന്നിലായിരുന്നു അപകടം നടന്നത്. പ്രദേശത്ത് റോഡിന്റെ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് നിര്‍മാണ സാമഗ്രികളുമായി വന്ന ലോറിയാണ് അപകടമുണ്ടായത്.

ചെറിയ പോക്കറ്റ് റോഡിലേക്ക് മെയിന്‍ റോഡില്‍ നിന്നു മെറ്റലുമായി വന്ന ലോറിയുടെ മുന്നിലെയും പിറകിലെയും ചക്രങ്ങള്‍ ഐദിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. റോഡിനോട് ചേര്‍ന്ന് തന്നെയാണ് ഐദിന്റെ മാതാവിന്റെ വീട്. ലോറി റിവേഴ്‌സിലായിരുന്നതിനാല്‍ ഡ്രൈവര്‍ കുട്ടിയെ കണ്ടിരുന്നില്ല. കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടിയെത്തിയതാകാമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഉമ്മയൊടൊപ്പം വീട്ടിലേക്ക് വിരുന്നു വന്നതായിരുന്നു. പിതാവ് സൗത്ത് ആഫ്രിക്കയിലാണ്. രണ്ടാഴ്ച മുന്‍പാണ് ഇദ്ദേഹം പോയത്. ഐദിന്റെ മൃതദേഹം നിലബൂര്‍ ജില്ല ആശുപത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഖബറടക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News