ട്രംപിന്‍റെ അക്കൗണ്ട് പൂട്ടി ട്വിറ്റർ
വാഷിംഗ്ടൺ : സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പുറത്താക്കി സമൂഹമാധ്യമമായ ട്വിറ്റർ. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് നടപടി കടുപ്പിച്ചത്.
ആദ്യം ഇരുപത്തിനാല് മണിക്കൂർ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നു. എന്നാൽ ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് സ്ഥിരമായി അക്കൗണ്ട് നീക്കിയത്. അതേസമയം, ജനുവരി 20-ന് നടക്കുന്ന നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റ് സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ”ചോദിക്കുന്ന എല്ലാവരോടുമായി പറയുകയാണ്, ജനുവരി 20-നുള്ള ഉദ്ഘാടനച്ചടങ്ങിന് ഞാൻ പോകില്ല”, എന്നായിരുന്നു ട്രംപിന്‍റെ അവസാനട്വീറ്റ്. ഇതിന് പിന്നാലെ ട്രംപിന്‍റെ അക്കൗണ്ട് ട്വിറ്റർ നിരോധിക്കുകയും ചെയ്തു.
ഇതോടെ അമേരിക്കൻ പ്രസിഡന്റായിരിക്കേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ആദ്യ പ്രസിഡന്റ് എന്ന ചീത്തപ്പേരാണ് ട്രംപ് നേടിയിരിക്കുന്നത്. അക്രമങ്ങളിലും തുടർന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾക്കെതിരായ നിരന്തര പ്രസ്താവനകളിലും മനംമടുത്ത് നിരവധി റിപ്പബ്ലിക്കൻ നേതാക്കൾ ട്രംപിനെ വിട്ടൊഴിയുന്നു എന്ന വാർത്തകളും പുറത്തുവന്നിരുന്നു.