തൊടുപുഴ: മൂലമറ്റത്ത് തട്ടുകടയില്‍ ബീഫ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവില്‍, യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ ട്വിസ്റ്റ്. തോക്കിന്റെ യഥാര്‍ത്ഥ അവകാശി മൂലമറ്റത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. മധുര ദുരൈസ്വാമി നഗറിലെ രവീന്ദ്രന്‍ എന്നയാളാണ് തോക്ക് അന്വേഷിച്ച് മൂലമറ്റത്ത് എത്തിയിരിക്കുന്നത്. തന്റെ വീട്ടില്‍ നിന്നു മോഷണം പോയതാണ് ഈ ഡബിള്‍ ബാരല്‍ തോക്ക് എന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.
തോക്ക് തങ്ങളുടേതാണെന്ന് അവകാശപ്പെട്ടാണ് മധുര സ്വദേശി രവീന്ദ്രനും മകന്‍ ആദിത്യ വിഘ്നേശ്വരനും പൊലീസിനെ സമീപിച്ചിരിക്കുന്നത്. മൂലമറ്റം വെടിവയ്പ്പുമായി ബന്ധപ്പെട്ട് തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയിലെ തോക്കിന്റെ ചിത്രം തിരിച്ചറിഞ്ഞാണ് ഇവര്‍ എത്തിയതെന്ന് പറയുന്നു. തമിഴ്‌നാട്ടില്‍ ലൈസന്‍സ് ലഭിച്ച് ഉപയോഗിച്ചിരുന്ന തോക്ക് 2020 ഡിസംബര്‍ 29ന് രവീന്ദ്രന്റെ വീട്ടില്‍ നിന്നു കളവുപോകുകയായിരുന്നു. ഒപ്പം 60 പവന്‍ സ്വര്‍ണവും 25,000 രൂപയും മോഷണം പോയി. മധുര സിറ്റി പൊലീസ് കേസ് അന്വേഷിക്കുകയായിരുന്നു.
15 ഇഞ്ചിന്റെ രണ്ടു ഭാഗങ്ങളായി മടക്കി വയ്ക്കാവുന്ന 30 ഇഞ്ച് ഡബിള്‍ ബാരല്‍ 7145 നമ്പര്‍ തോക്കാണ് മോഷണം പോയത്. ഇ.ജെ.ചര്‍ച്ചില്‍ ലെസൈറ്റര്‍ സ്‌ക്വയര്‍ ലണ്ടന്‍ എന്ന് തോക്കില്‍ രേഖപ്പെടുത്തിയിട്ടും ഉണ്ട്. കാഞ്ഞാര്‍ പൊലീസ് പിടിച്ചെടുത്ത തോക്കിലും സമാന അടയാളമുണ്ട്. തോക്കിന്റെ നമ്പറും ഒന്നാണ്. അതുകൊണ്ട് തന്നെ മോഷണ മുതലാണ് തോക്കെന്ന് പൊലീസ് ഏതാണ് ഉറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 26ന് രാത്രിയാണ് തട്ടുകടയിലുണ്ടായ വഴക്കിനെ തുടര്‍ന്ന് മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിന്റെ വെടിയേറ്റ് കീരിത്തോട് സ്വദേശി സനല്‍ മരിച്ചത്.
തോക്കില്‍ പുതിയ ഉടമ എത്തിയ സാഹചര്യത്തില്‍ അന്വേഷണം പുതിയ തലത്തിലെത്തും. ഫിലിപ്പിനെ വീണ്ടും ചോദ്യം ചെയ്യും. തോക്ക് എവിടെ നിന്ന് കിട്ടിയെന്നതും അന്വേഷിക്കും. ഇതോടെ രവീന്ദ്രന്റെ വീട്ടിലെ മോഷണത്തിനും തുമ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ തോക്ക് പ്രാദേശികമായി ഉണ്ടാക്കിയതല്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.