KeralaNews

‘ഇനീഷ്യലിലെ ‘വി’ വാചകമടി എന്നാണ്’; മുരളീധരനെ അവഹേളിക്കാന്‍ ശിവന്‍കുട്ടിക്ക് എന്ത് യോഗ്യത?; കടന്നാക്രമിച്ച് സുരേന്ദ്രന്‍

തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ പ്രചാരണത്തിന് പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വാഹന, പോലീസ് സൗകര്യങ്ങള്‍ ഉപയോഗിച്ചതിന് കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിന്റെ നിയമസഭ തല്ലിത്തകര്‍ത്ത മന്ത്രി വി ശിവന്‍കുട്ടി, കേന്ദ്രമന്ത്രി വി മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

പൊതുമുതല്‍ നശിപ്പിച്ച കേസില്‍നിന്നും തടിയൂരാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവന്‍കുട്ടിക്ക് മുരളീധരനെ അപമാനിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. വികസനം എന്നാല്‍ പിണറായി വിജയനും ശിവന്‍കുട്ടിക്കും കീശ വീര്‍പ്പിക്കാനുള്ള ഉപാധിയല്ല.

കോടിക്കണക്കിന് രൂപയുടെ അഴിമതി ലക്ഷ്യമിട്ട് ആയിരങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇടതുസര്‍ക്കാരിന്റെ നീക്കത്തെ പ്രതിരോധിക്കുന്നതാണ് വി മുരളീധരനെതിരെയുള്ള അസഹിഷ്ണുതയ്ക്ക് കാരണം. വി ശിവന്‍കുട്ടിയുടെ ഇനീഷ്യലിലെ വി വാചകമടി എന്നാണ്. വാചക കസര്‍ത്തും ഗുണ്ടായിസവുമാണ് അദ്ദേഹത്തിന്റെ കൈമുതല്‍.

യുക്രൈനില്‍ കുടുങ്ങിയ ആയിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ നേതൃത്വം നല്‍കിയത് മുരളീധരനായിരുന്നു. കോവിഡ് കാലത്ത് വന്ദേഭാരത് മിഷനിലൂടെ വിദേശ രാജ്യങ്ങളില്‍നിന്നും മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിച്ചതും അദ്ദേഹമാണ്. ഇത്തരം അവസരങ്ങളിലെല്ലാം അനങ്ങാതിരുന്ന കേരള സര്‍ക്കാരിലെ മന്ത്രിമാര്‍ മുരളീധരനെതിരെ പറഞ്ഞാല്‍ ജനം അംഗീകരിക്കില്ലെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker