പാലക്കാട്: കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ നാലു ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടിക പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബുധനാഴ്ച പുറത്തുവിട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ പുറത്തുവിട്ട പട്ടികയില്‍ പിശകുണ്ടെന്ന് പരാതി. വെബ്സൈറ്റിലൂടെ യുഡിഎഫ് പുറത്തുവിട്ട പട്ടികയില്‍ ഇരട്ട സഹോദരങ്ങളുടെ പേരുകളും ഇടംപിടിച്ചു.
ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പര്‍ ബൂത്തിലെ തോട്ടക്കര തേക്കിന്‍കാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് പട്ടികയില്‍ ഇടംനേടിയത്. പ്രതിപക്ഷ നേതാവിന്റെ നടപടി തങ്ങള്‍ക്ക് അപമാനകരമായി പോയെന്ന് സഹോദരന്മാരില്‍ ഒരാളായ അരുണ്‍ പ്രതികരിച്ചു. മാനഹാനിയുണ്ടായെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടായി. പ്രതിപക്ഷ നേതാവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്നും അരുണ്‍ പറഞ്ഞു.
വെബ്സൈറ്റ് വഴി പുറത്തുവിട്ട പേരുകളില്‍ ഭൂരിഭാഗവും ഇരട്ട സഹോദരന്മാരോ സഹോദരിമാരോ ആണെന്നും സിപിഎം എംപി എളമരം കരീം ആരോപിച്ചിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കരീം ആരോപണം ഉന്നയിച്ചത്. നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്ന ചെന്നിത്തലയുടെ ആരോപണം കാറ്റുപോയ ബലൂണിന്റെ അവസ്ഥയിലെത്തിയെന്നും കരീം ആരോപിച്ചു.
www.operationtwins.com/’>www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് ചെന്നിത്തല ഇരട്ടവോട്ട് പട്ടിക പുറത്തുവിട്ടത്. ഒരോ നിയോജകമണ്ഡലത്തിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ചു സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേരുവിവരങ്ങളുമാണു വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്.
നിയോജകമണ്ഡലത്തിന്റെ നന്പര്‍, ബൂത്ത് നന്പര്‍, ആ ബൂത്തിലെ വോട്ടറുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍, അതേ വ്യക്തിക്ക് മറ്റു ബൂത്തുകളിലുള്ള വോട്ടിന്റെ ഐഡി നന്പര്‍, അവിടുത്തെ പേര്, വിലാസം, അതേ വ്യക്തിക്കു തന്നെ തൊട്ടടുത്ത നിയോജകമണ്ഡലങ്ങളിലുള്ള വോട്ടിന്റെ ഐഡി നന്പര്‍, വിലാസം എന്നിവയുടെ പട്ടികയാണ് ഈ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുള്ളത്.