സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിൽ: എട്ടുപേർ മരിച്ചു, കാണാതായവരിൽ കോട്ടയം സ്വദേശിയും

സിക്കിമിൽ തുരങ്കത്തിൽ മണ്ണിടിച്ചിൽ: എട്ടുപേർ മരിച്ചു, കോട്ടയം സ്വദേശിയെ അടക്കം കാണാതായി

ഗാങ്ടോക്: സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ടുപേർ കൊല്ലപ്പെട്ടു. കോട്ടയം സ്വദേശിയെ അടക്കം നിരവധി പേരെ കാണാതാവുകയും ചെയ്തു. എൻഎച്ച്പിസി സീനിയർ മാനേജരായ ജിയോളജിസ്റ്റ് അനീഷ് മോഹനെയാണ് കാണാതായണ്. ശാസ്ത്രലേഖകനും സയൻസ് വ്ലോഗറും കൂടിയാണ് അനീഷ്. നാംചി ജില്ലയിലുള്ള സമർദുംഗിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് തുരങ്കത്തിന്റെ പ്രവേശന കവാടം പൂർണ്ണമായും തടസ്സപ്പെടുത്തിക്കൊണ്ട് വൻ മണ്ണിടിച്ചിൽ ഉണ്ടായത്. ഈ സമയത്ത് തുരങ്കത്തിനുള്ളിൽ ജോലി ചെയ്തിരുന്ന നിരവധി തൊഴിലാളികൾ ഉള്ളിൽ കുടുങ്ങുകയായിരുന്നു. തുരങ്കത്തിന്റെ കവാടം അടഞ്ഞ നിലയിലായതിനാൽ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ അതീവ ദുഷ്കരമായി തുടരുകയാണ്.

മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിനുള്ളിലുണ്ടായ മീഥെയ്ൻ ഗ്യാസ് ചോർച്ച രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഭൂഗർഭ ശിലാഘടനകളിലുണ്ടായ മാറ്റം കാരണമാണ് ഈ വിഷവാതകം പ്രകൃതിദത്തമായി പുറത്തുവരുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. തുരങ്കത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച പല രക്ഷാപ്രവർത്തകർക്കും തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടത് പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമായി. നിലവിൽ ഗ്യാസ് മാസ്കുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ധരിച്ചാണ് രക്ഷാപ്രവർത്തകർ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ കണ്ടെത്താൻ ശ്രമിക്കുന്നത്.

നിലവിൽ എട്ടുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ നാംചി, സിംഗ്തം, ഗാങ്ങ്ടോക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായും ജില്ലാ ഭരണകൂടം അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ്, സിക്കിം പോലീസ്, അഗ്നിശമന സേന തുടങ്ങിയ വിവിധ ഏജൻസികൾ സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ കൃത്യമായ എണ്ണം ഇതുവരെ ലഭ്യമായിട്ടില്ലെന്നും തുരങ്കത്തിലെ കുറഞ്ഞ കാഴ്ചപരിധിയും ഇടുങ്ങിയ സാഹചര്യവും വെല്ലുവിളിയാണെന്നും ജില്ലാ കളക്ടർ അനുപ താംലിങ് പറഞ്ഞു.

തീസ്ത സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി എൻഎച്ച്പിസിക്കായി പട്ടേൽ എഞ്ചിനീയറിങ് നിർമ്മിക്കുന്ന തുരങ്കത്തിലാണ് അപകടം സംഭവിച്ചത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കുക എന്നതിനാണ് നിലവിൽ പ്രഥമ പരിഗണനയെന്നും ഇതിന് ശേഷം സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി. അടിയന്തര വൈദ്യസഹായത്തിനായി സംഭവസ്ഥലത്ത് ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. സിക്കിം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News