വലിയ അബദ്ധമാണ് ഞാൻ ചെയ്തത്; ടി.എസ്.രാജുവിനോട് മാപ്പുപറഞ്ഞ് അജു വർഗീസ്

കൊച്ചി:സിനിമാ സീരിയല്‍ നാടക നടന്‍ ടി.എസ്.രാജു അന്തരിച്ചതായി പ്രചരിച്ചത് വ്യാജ വാര്‍ത്ത. ഇന്ന് രാവിലെ മുതലാണ് അദ്ദേഹം അന്തരിച്ചുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. നടന്‍ അജു വര്‍ഗീസ് അടക്കമുള്ളവര്‍ ഇത് പോസ്റ്റ് ചെയ്തിരുന്നു. ഒടുവില്‍ സിനിമാ-സീരിയല്‍ നടന്‍ കിഷോര്‍ സത്യയാണ് സത്യവസ്ഥ പുറത്തുവിട്ടത്.

എന്നാല്‍ രാജു ആരോഗ്യവാനായി ഇരിക്കുകയാണെന്ന് നടന്‍ കിഷോര്‍ സത്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പ്രശസ്ത നടന്‍ ടിഎസ് രാജു ചേട്ടന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തന്നെയുണ്ട്. ഞാന്‍ അദ്ദേഹത്തോട് രാവിലേ സംസാരിക്കുകയും ചെയ്തിരുന്നു. വ്യാജ വാര്‍ത്തകളില്‍ വഞ്ചിതരവാതിരിക്കുക- കിഷോര്‍ സത്യ വ്യക്തമാക്കി.

ടി.എസ് രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. അത് ഇങ്ങനെ തീരുമെന്ന് വിചാരിച്ചില്ല. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. എന്തായാലും താങ്കള്‍ ജീവിച്ചിരിക്കുന്ന വിവരം അറിഞ്ഞതില്‍ സന്തോഷം തോന്നി. – അജു വര്‍ഗീസ് പറഞ്ഞു.

തനിക്ക് അങ്ങനെ ഒരു വ്യാജ വാര്‍ത്ത വന്നതില്‍ യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. എല്ലാവരും സത്യാവസ്ഥ അറിയാന്‍ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല- ടി.എസ് രാജു പറഞ്ഞു.

വില്ലന്‍ വേഷങ്ങളിലൂടെ മലയാളത്തിലെ സിനിമാ, സീരിയലുകളില്‍ ശ്രദ്ധേയനായ നടനാണ് ടി.എസ് രാജു. ‘ജോക്കര്‍’ എന്ന ചിത്രത്തിലെ സര്‍ക്കസ് നടത്തിപ്പുകാരന്‍ ഗോവിന്ദന്‍ എന്ന വേഷത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

‘ദേവീമാഹാത്മ്യം’ സീരിയലിലെ വില്ലന്‍വേഷം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു കഥാപാത്രമാണ്. ‘പ്രജാപതി’, ‘നഗരപുരാണം’ തുടങ്ങിയ സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News