25.6 C
Kottayam
Sunday, November 17, 2024
test1
test1

അസത്യം പ്രചരിപ്പിച്ചു സർക്കാരിനെ അപകീർത്തിപ്പെടുത്താന്‍ ശ്രമം: മുഖ്യമന്ത്രി

Must read

തിരുവനന്തപുരം∙ സാധാരണക്കാർക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ച് അസത്യം പ്രചരിപ്പിച്ചു സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസും സഖ്യകക്ഷികളും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ അതിനു മുന്നിലൊന്നും പതറാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് സർക്കാർ മുന്നോട്ടു പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിഷുവും ചെറിയ പെരുന്നാളും അനുബന്ധിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സാമൂഹ്യസുരക്ഷ പെൻഷനുകളുടെ വിതരണം നടക്കുന്നു. അർഹതയുള്ള 50,20,611 ഗുണഭോക്താക്കൾക്ക് ജനുവരി മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനു 750,78,79,300 രൂപയും 50,35,946 ഗുണഭോക്താക്കൾക്ക് ഫെബ്രുവരി മാസത്തിലെ പെൻഷൻ വിതരണം ചെയ്യാൻ 753,13,99,300 രൂപയും ആണ് അനുവദിച്ചിട്ടുള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇക്കാലയളവിനുള്ളിൽ വിവിധ ഇനം സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നൽകുന്നതിനായി 16,730.67 കോടി രൂപ അനുവദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്യുന്ന അഞ്ചിനം സാമൂഹ്യ സുരക്ഷാ പെൻഷൻ ഇനങ്ങളിലായി ആകെ 52,17,642 ഗുണഭോക്താക്കളാണുള്ളത്. ഇതില്‍ ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ, ഇന്ദിരാഗാന്ധി ദേശീയ വികലാംഗ പെൻഷൻ എന്നിവ ലഭിക്കുന്ന 47,55,920 ഗുണഭോക്താക്കളില്‍ 6,88,329 പേർക്കു മാത്രമാണ് എൻഎസ്എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്. ഇതിനായി പ്രതിവര്‍ഷം 232 കോടിയോളം തുക കേന്ദ്ര വിഹിതമായി ലഭിക്കേണ്ടതുണ്ട്.

ഇത്രയും പേരിൽ വാർധക്യകാല പെൻഷൻ ലഭിക്കുന്ന 80 വയസ്സിനു മുകളിലുള്ളവർക്ക് 500 രൂപയും അതിൽ താഴെയുള്ളവർക്ക് 200 രൂപയുമാണ് കേന്ദ്ര വിഹിതം. വികലാംഗ പെൻഷനിൽ 80 ശതമാനത്തിനു മുകളിൽ വൈകല്യമുള്ള 18 വയസ്സിനും അതിനു മുകളിലുമുള്ളവർക്ക് 300 രൂപയും വിധവ പെൻഷനിൽ 40 വയസ്സു മുതൽ 80 വയസ്സു വരെയുള്ളവർക്ക് 300 രൂപയുമാണ് കേന്ദ്ര വിഹിതം. അതിനാൽ ഇവർക്കെല്ലാം ഓരോ മാസവും ലഭിക്കുന്ന 1600 രൂപയിൽ ബാക്കി തുക ചെലവഴിക്കുന്നത് സംസ്ഥാന സർക്കാരാണ്.

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പിഎഫ്എംഎസ് സോഫ്റ്റ്‌വെയർ വഴി തന്നെയാകണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതിനെത്തുടര്‍ന്ന് 2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ എൻഎസ്എപി ഗുണഭോക്താക്താക്കള്‍ക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 463.96 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ലഭിച്ചിട്ടില്ല.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ പോലും, കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എൻഎസ്എപി ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെൻഷൻ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കള്‍ക്കും മുഴുവൻ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. എൻഎസ്എപി ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം തുടര്‍ന്നും ലഭ്യമാക്കുന്നതിനായി സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് പഞ്ചായത്ത് വകുപ്പ് ഉപയോഗിക്കുന്ന സേവന സോഫ്റ്റ്‌വെയറിനെ പിഎഫ്എംഎസുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പ്രസ്തുത വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് എൻഎസ്എപി ഗുണഭോക്താക്കള്‍ക്കുള്ള സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും പ്രത്യേകമായി ബാങ്ക് അക്കൗണ്ടില്‍ ക്രഡിറ്റ് ചെയ്യപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുള്ളത്.

സാമൂഹ്യസുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്തമല്ലാതെ മാറിക്കൊണ്ടിരിക്കുന്ന ഈ നവ ഉദാരവൽക്കരണ കാലഘട്ടത്തിലും പരിമിതികൾ ഏറെയുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് ജനക്ഷേമം ഉറപ്പിച്ചു മുന്നോട്ടു പോകാൻ എൽഡിഎഫ് സർക്കാരിനാകുന്നു എന്നത് അഭിമാനകരമാണ്. ജനങ്ങൾ സർക്കാരിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്ന വസ്തുതയ്ക്ക് ഇക്കാര്യം അടിവരയിടുന്നു.

എന്നാൽ ചിലർ ഈ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാനും മറ്റു ചിലർ പങ്കു പറ്റാനുമുള്ള വ്യഗ്രതയിലാണ്. 2011-16 ലെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കായി ചെലവഴിച്ചത് 9,311.22 കോടി രൂപയായിരുന്നു. അതിന്റെ മൂന്നു മടങ്ങിലും അധികമാണ് (30054.64 കോടി രൂപ) കഴിഞ്ഞ എൽഡിഎഫ് സർക്കാർ അതിനായി ചെലവഴിച്ച തുക. അക്കാലത്ത് സാമൂഹ്യ സുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ എണ്ണം 34,43,414 ആയിരുന്നെങ്കിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തത് 49,85,861 ആയി ഉയർന്നു. സിഎജി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അനര്‍ഹരായ ആളുകളെ ഒഴിവാക്കിക്കൊണ്ട് അര്‍ഹരായ കൂടുതല്‍ ആളുകളിലേയ്ക്ക് സഹായം എത്തിക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിച്ചു വരുന്നത്. അതുകൊണ്ട് ഇന്ന് ആ സഹായം അർഹരായ അരക്കോടിയിൽ അധികം ആളുകളിലെത്തിക്കാൻ സാധിച്ചു.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വരുമ്പോള്‍ പെന്‍ഷന്‍ തുക പ്രതിമാസം 300 രൂപയായിരുന്നു. അവര്‍ അത് ആദ്യ വര്‍ഷം 400 രൂപയും രണ്ടാം വര്‍ഷം 525 രൂപയും ആക്കി ഉയര്‍ത്തി. ദേശീയ നയത്തിന്‍റെ ഭാഗമായി 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ 400ല്‍ നിന്നും 900 രൂപയായും, വികലാംഗ പെന്‍ഷന്‍ 700 രൂപയായും ഉയര്‍ത്തി. യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു തൊട്ടുമുന്‍പായി മാര്‍ച്ച് മാസത്തില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍ 1500 രൂപയാക്കി ഉയര്‍ത്തുകയും ചെയ്തു.

ഈ ഉയര്‍ത്തപ്പെട്ട വാര്‍ധക്യകാല പെന്‍ഷന്‍റെയും വികലാംഗ പെന്‍ഷന്‍റെയും ഗുണഭോക്താക്കള്‍ മൊത്തം ഗുണഭോക്താക്കളുടെ 15 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. 85 ശതമാനമാനം ആൾക്കാർക്കും യുഡിഎഫ് കാലത്ത് ലഭിച്ച പെന്‍ഷന്‍ തുക 525 രൂപയായിരുന്നു. ആ സര്‍ക്കാര്‍ ആകെ കൊണ്ടുവന്ന വര്‍ധനവ് വെറും 225 രൂപ. പെന്‍ഷന്‍ തുക നാമമാത്രമായേ വര്‍ധിപ്പിച്ചുള്ളൂ എന്നതു പോകട്ടെ, ആ തുക അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തു. 19 മാസത്തെ കുടിശ്ശികയായി പെന്‍ഷനിനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുത്തിവച്ച 1473.2 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൊടുത്തു തീര്‍ത്തത് തുടർന്നു വന്ന എൽഡിഎഫ് ഗവണ്‍മെന്‍റാണ്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എല്ലാ പെന്‍ഷനുകളും 1000 രൂപയാക്കിയുയര്‍ത്തി. 2017 മുതല്‍ അത് 1100 രൂപയായും 2019ല്‍ അത് 1200 രൂപയായും 2020ല്‍ 1400 രൂപയായും വര്‍ധിപ്പിച്ചു. നിലവിൽ അത് 1600 രൂപയാണ്.

കേരളത്തിലെ സാമൂഹ്യസുരക്ഷാ പെന്‍ഷനുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയ സര്‍ക്കാരുകളുടെ കാലത്താണ് അവ ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കിയിട്ടുള്ളതെന്ന് കാണാം. 1980ല്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായ ശേഷമാണ് കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ആരംഭിച്ചത്. അന്ന് 2.94 ലക്ഷം തൊഴിലാളികള്‍ക്ക് 45 രൂപ വച്ച് ലഭിച്ച പ്രതിമാസ പെന്‍ഷന്‍ പിന്നീട് പരിഷ്കരിച്ചത് 1987ല്‍ നായനാര്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോഴായിരുന്നു.

പെന്‍ഷനുകളൊക്കെ എല്ലാ സര്‍ക്കാരുകളും വര്‍ധിപ്പിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മുന്നണി 1981 മുതല്‍ 1987 വരെ അധികാരത്തിലിരുന്നിട്ടും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ വര്‍ധിപ്പിച്ചില്ല. അതിനു 6 വര്‍ഷത്തിനു ശേഷം വീണ്ടും ഇടതുപക്ഷ സര്‍ക്കാര്‍ വരേണ്ടി വന്നു. 1995ല്‍ എന്‍എസ്എപിയുടെ ഭാഗമായി വാര്‍ധക്യകാല പെന്‍ഷന്‍ വരുമ്പോള്‍ അധികാരത്തില്‍ ഇരുന്നത് യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നു. പക്ഷേ, ആ പെന്‍ഷന്‍ വയോധികര്‍ക്ക് ലഭിക്കാന്‍ 1996-ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരേണ്ടിവന്നു.

ഇതൊക്കെയാണ് വസ്തുതകളെന്നിരിക്കേ, സാധാരണക്കാർക്ക് ഉപകാരപ്രദമായ ഒരു ക്ഷേമപദ്ധതിയെക്കുറിച്ചു പോലും അസത്യം പ്രചരിപ്പിച്ചു സർക്കാരിനെ അപകീർത്തിപ്പെടുത്താനാണ് കോൺഗ്രസും സഖ്യകക്ഷികളും ബിജെപിയും സംയുക്തമായി ശ്രമിക്കുന്നത്. എന്നാൽ അതിനു മുന്നിലൊന്നും പതറാതെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് അഭിമാനപൂർവം ഈ സർക്കാർ മുന്നോട്ടു പോവുകയാണ്. അതുകൊണ്ടാണ് ആത്മവിശ്വാസത്തോടെ ‘ഇത് ഞങ്ങളുടെ സർക്കാർ’ എന്നു പ്രഖ്യാപിക്കാൻ ഈ നാട്ടിലെ സാധാരണക്കാർക്ക് സാധിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാനഡയിൽ ഇന്ത്യൻ വിദ്യാർഥികൾക്കായി 24 മണിക്കൂർ പ്രതിവാര തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു

ഒട്ടാവ: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാനഡയില്‍ 24 മണിക്കൂര്‍ പ്രതിവാര തൊഴില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ ഈ വര്‍ഷം ആദ്യം യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ കാമ്പസിന് പുറത്ത് ആഴ്ചയില്‍ 24 മണിക്കൂര്‍...

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേൽ; കൊല്ലപ്പെട്ടത് സായുധസംഘത്തിന്റെ പ്രധാനി

ബയ്റൂത്ത്: ഇസ്രയേൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മധ്യ ബയ്‌റുത്തിൽ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയൻ ബാത്ത് പാർട്ടിയുടെ ലെബനനിലെ റാസ് അൽ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ്...

സിക്‌സടിച്ച പന്ത്‌കൊണ്ട്‌ പൊട്ടിക്കരഞ്ഞ് യുവതി, നേരിട്ടെത്തി ആശ്വസിപ്പിച്ച് സഞ്ജു സാംസണ്‍; കയ്യടി നേടി മലയാളി താരം

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ നാലാമത്തെ ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയാണ് സഞ്ജു സാംസണ്‍ നേടിയത്. ആറ് ബൗണ്ടറികളും ഒമ്പത് സിക്‌സറുകളും സഹിതം 56 പന്തുകളില്‍ പുറത്താകാതെ 107 റണ്‍സാണ് താരം നേടിയത്....

നവംബര്‍ 20ന് മദ്യം ലഭിക്കില്ല, ബാറുകളും അടച്ചിടും; തീരുമാനം പ്രഖ്യാപിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍

ബംഗളൂരു: നവംബര്‍ 20ന് (ബുധനാഴ്ച) സംസ്ഥാനത്ത് മദ്യ വില്‍പ്പനയുണ്ടാകില്ലെന്ന് അറിയിച്ച് കര്‍ണാടകയിലെ മദ്യവ്യവസായികള്‍ അറിയിച്ചു. ഫെഡറേഷന്‍ ഓഫ് വൈന്‍ മെര്‍ച്ചന്റ് അസോസിയേഷന്റേതാണ് തീരുമാനം. അന്നേ ദിവസം ബാറുകളും തുറക്കില്ലെന്നാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍...

'മണിപ്പൂരില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു'; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി നയിക്കുന്ന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്തുണ പിന്‍വലിച്ചത്. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.