CrimeKeralaNews

നയന സൂര്യന്റെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്,പ്രാഥമിക മരണകാരണവുമായി മെഡിക്കല്‍ ബോര്‍ഡ്‌

തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണത്തിൽ വഴിത്തിരിവ്. മരണകാരണം പരുക്കുകളല്ലെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ‘മയോ കാര്‍ഡിയല്‍ ഇൻഫാക്‌ഷനാ’ണ് മരണകാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇന്നു ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡാണ് ഈ വിലയിരുത്തലിലേക്ക് എത്തിയത്.

മരണം സംഭവിച്ചത് പെട്ടെന്നല്ല. രണ്ട് മുതല്‍ ആറു മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാം എന്നും കരുതുന്നു. മയോ കാര്‍ഡിയല്‍ ഇന്‍ഫാക്‌ഷനില്‍ അങ്ങനെ സംഭവിക്കാമെന്നാണ് വിലയിരുത്തല്‍.

മെഡിക്കൽ കോളജ് ഫൊറൻസിക് മേധാവി ഡോ. ശ്രീദേവിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഇതുവരെയുള്ള ശാസ്ത്രീയ പരിശോധന ഫലങ്ങൾ വിലയിരുത്തിയത്. നയന സൂര്യന്റെ മരണം ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്നത് പരിശോധിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മെഡിക്കൽ ബോർഡിന് രൂപം നൽകിയത്. മയോ കാർഡിയൽ ഇൻഫാക്‌ഷൻ ആണ് മരണകാരണമെന്ന് പ്രാഥമിക വിലയിരുത്തലിലാണ് ബോർഡ് എത്തിയത്. പത്തോളജി വിദഗ്ധരും ഈ നിഗമനത്തിലെത്തി.

മരണകാരണം ആത്മഹത്യ എന്നോ കൊലപാതകമെന്നോ ഉള്ള അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. രേഖകള്‍ പരിശോധിച്ച് 20 ദിവസത്തിനുള്ളില്‍ മെഡിക്കല്‍ ബോര്‍ഡ് അവലോകന റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണായകമാണ്. കൊലപാതകമാണെന്നതിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ല. നയനയുടെ മുറിയില്‍ ആരും കടന്നിട്ടില്ലെന്നാണ് നിഗമനം.


വാതില്‍ അകത്ത് നിന്ന് പൂട്ടിയിരുന്നതായും വിലയിരുത്തലുണ്ട്. നയനയ്ക്ക് മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കണ്ടെത്തി. ലെനിന്‍ രാജേന്ദ്രന്റെ മരണശേഷം നയന ഒറ്റപ്പെടല്‍ അനുഭവിച്ചെന്നാണ് വിലയിരുത്തല്‍.

2019 ഫെബ്രുവരി 24നാണ് വാടകവീട്ടിലെ മുറിയിൽ നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമേഹ രോഗിയായിരുന്ന നയന രോഗം മൂർച്ഛിച്ച് കുഴഞ്ഞു വീണ് മരിച്ചതാണെന്നായിരുന്നു പൊലീസ് ഭാഷ്യം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കൊലപാതകം ആകാമെന്ന സംശയം ബലപ്പെട്ടു.

കഴുത്ത് ശക്തമായി ഞെരിഞ്ഞതാണു മരണ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. കഴുത്തിനു ചുറ്റും ചെറിയ പരുക്കുകളുണ്ടായിരുന്നു. ഇടത് അടിവയറ്റിൽ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. എന്നാൽ, ആത്മഹത്യാ സാധ്യതയും ഫൊറൻസിക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ശാസ്ത്രീയമായ പരിശോധനകൾക്ക് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker