‘ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കൊവിഡ് വാക്സിന്‍ സ്വീകരിക്കരുത്’; പ്രചരണത്തിലെ സത്യാവസ്ഥ ഇതാണ്

മലപ്പുറം: മെയ് ഒന്നു മുതല്‍ രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കും. അതേസമയം, ഇതിനോടനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകളും നിറയുകയാണ്.

അതിലൊന്നാണ് ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ സ്ത്രീകള്‍ കൊവിഡ്-19 വാക്‌സിന്‍ സ്വീകരിക്കരുതെന്ന് എന്ന് പറയുന്നത.് ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറയുമെന്നും അതിനാല്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്നുമാണ് വാട്‌സ്ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

എന്നാല്‍ ഇത്തരം പ്രചാരണങ്ങളില്‍ വീഴരുതെന്നും ആര്‍ത്തവ തീയതിയും വാക്‌സിനേഷനും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും വ്യക്തമാക്കുകയാണ് ഡോ. ഷിംന അസീസ്.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്:

പിരീഡ്സിന് അഞ്ച് ദിവസം മുന്‍പോ ശേഷമോ കോവിഡ് വാക്സിനേഷന്‍ എടുക്കരുതെന്ന് പുതിയ ‘വാട്ട്സ്ആപ്പ് സര്‍വ്വകലാശാല പഠനങ്ങള്‍’ സൂചിപ്പിക്കുന്നത്. ആ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമത്രേ. കൊള്ളാല്ലോ കളി ! പതിനെട്ട് വയസ്സ് മുതല്‍ 45 വയസ്സ് വരെയുള്ളവരെക്കൂടി മെയ് ഒന്ന് മുതല്‍ വാക്സിനേഷന്‍ ഗുണഭോക്താക്കളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ഐറ്റം റിലീസായിരിക്കുന്നത്.

അപ്പോള്‍ ഇത് സത്യമല്ലേ?
സത്യമല്ല.

ഒന്നോര്‍ത്ത് നോക്കൂ, ആദ്യഘട്ടത്തില്‍ വാക്സിനേഷന്‍ ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അവരില്‍ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീര്‍ച്ചയായും ആര്‍ത്തവമുള്ള സ്ത്രീകളും അവരില്‍ ഉള്‍പ്പെടുന്നു. ആര്‍ത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കില്‍ അന്ന് വാക്സിനേഷന്‍ കൊണ്ട് ഏറ്റവും വലിയ രീതിയില്‍ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവര്‍ത്തകകള്‍ ആണ്, തൊട്ട് പിറകേ വാക്സിനേഷന്‍ ലഭിച്ച മുന്‍നിരപോരാളികളാണ്.

രോഗാണുവുമായി നേരിട്ടുള്ള സമ്പര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഈ മെസേജിന്റെ ഉദ്ദേശ്യം. സോറി, ദുരുദ്ദേശം.

കിംവദന്തികളില്‍ വഞ്ചിതരാകാതിരിക്കുക. വാക്സിനേഷനും നിങ്ങളുടെ ആര്‍ത്തവതിയ്യതികളുമായി യാതൊരു ബന്ധവുമില്ല. യഥാസമയം കോവിഡ് വാക്സിന്‍ സ്വീകരിക്കുക, മാസ്‌ക് കൃത്യമായി ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകള്‍ കൂടെക്കൂടെ വൃത്തിയാക്കുക.

അടിസ്ഥാനമില്ലാത്ത സോഷ്യല്‍ മീഡിയ കുപ്രചരണങ്ങളോടും കൂടി പ്രതിരോധം തേടുക”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News