യുവാവിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് തടങ്കലില്‍ വെച്ച് പീഡിപ്പിച്ചു; വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
ന്യൂഡല്‍ഹി: തെലങ്കാനയില്‍ യുവാവിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് തടങ്കലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന വാര്‍ത്ത വ്യാജം. ദിശ പീഡനക്കേസിന് പിന്നാലെയാണ് തെലങ്കാനയില്‍ യുവാവിനെ മൂന്ന് യുവതികള്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. വി ആര്‍ വാച്ചിങ് യു ന്യൂസ് എന്ന ഫേസ്ബുക്ക് പേജിലായിരുന്നു വാര്‍ത്ത ആദ്യം എത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വന്‍ പ്രചാരമാണ് വാര്‍ത്തക്ക് ലഭിച്ചത്. ഞെട്ടിക്കുന്ന വാര്‍ത്ത യുവാവിനെ മൂന്ന് യുവതികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസം പീഡിപ്പിച്ചുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്ത. വയാഗ്ര കഴിപ്പിച്ചായിരുന്നു പീഡനമെന്നും മറ്റുമുള്ള വിശദാംശങ്ങള്‍ വി ആര്‍ വാച്ചിങ് യു ന്യൂസ് പങ്കുവച്ചിരുന്നു.
എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദക്ഷിണ ആഫ്രിക്കയില്‍ നടന്ന സംഭവമാണ് തെലങ്കാനയില്‍ നടന്നതെന്ന പേരില്‍ പ്രചരിപ്പിച്ചതെന്നാണ് ഇന്ത്യാ ടുഡേ ആന്റി ഫേക്ക് ന്യൂസ് വാര്‍ റൂം കണ്ടെത്തിയിരിക്കുന്നത്. വാര്‍ത്തയില്‍ ഉപയോഗിച്ചിരുന്ന ചിത്രവും വ്യാജമാണെന്നാണ് കണ്ടെത്തല്‍. ദക്ഷിണ ആഫ്രിക്കയില്‍ നടന്ന സംഭവം രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയിരുന്നു. ബലാത്സംഗ ഭീകരത എന്ന പേരിലായിരുന്നു വാര്‍ത്ത പ്രചരിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍ കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത ഹസ്‌നേയ്ന്‍ വരേക്കര്‍ എന്ന യുവാവിന്റെ ചിത്രമായിരുന്നു തെലങ്കാന പീഡനമെന്ന പേരില്‍ പ്രചരിപ്പിച്ചത്.