തൊഴിലിടത്തെ പീഡന വീഡിയോ വിവാദത്തില്‍ വമ്പന്‍ ട്വിസ്റ്റ്,ആരോപണങ്ങള്‍ വ്യാജം,വീഡിയോ ചിത്രീകരിച്ചത് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍; വെട്ടിലായി മാധ്യമങ്ങള്‍

കൊച്ചി: കൊച്ചിയില്‍ സ്വകാര്യസ്ഥാപനത്തില്‍ തൊഴില്‍പീഡനം നടന്നിട്ടില്ലെന്ന പ്രതികരണവുമായി തൊഴിലാളികള്‍. കെല്‍ട്ര എന്ന ഡയറക്ട് സെല്ലിങ് സ്ഥാപനത്തില്‍ ടാര്‍ഗറ്റ് തികയ്ക്കാത്ത ജീവനക്കാരെ മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് വിധേയരാക്കുന്നതിന്റേതെന്ന് പറഞ്ഞുകൊണ്ടുള്ള ദൃശ്യങ്ങള്‍ ശനിയാഴ്ച പുറത്തെത്തിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെയാണ് ഇപ്പോള്‍, സ്ഥാപനത്തില്‍നിന്ന് മോശം അനുഭവമൊന്നും ഉണ്ടായിട്ടില്ലെന്ന പ്രതികരണവുമായി സ്ഥാപനത്തിലെ മറ്റുചില തൊഴിലാളികള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

ഇതുവരെ ഇത്തരം അനുഭവം ഉണ്ടായിട്ടില്ല. സുരക്ഷിതമായാണ് നില്‍ക്കുന്നത്. ഹോസ്റ്റലിലും ജോലിയിലും കംഫര്‍ട്ടായാണ് നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥാപന ഉടമ ഹുബൈലിനെതിരേ പരാതിയില്ല. ഇതിനു മുന്‍പ് ഒരു സ്ത്രീ ഹുബൈലിനെതിരേ പരാതി നല്‍കിയതും വ്യാജമാണ്, ഒരു ജീവനക്കാരി പറഞ്ഞു. കൃത്യമായി ശമ്പളംകിട്ടുന്നത് കൊണ്ടാണ് ഇവിടെനില്‍ക്കുന്നത്. പ്രായപൂര്‍ത്തിയായവരാണ് ഇവിടെയുള്ളത്.

മോശം അനുഭവം ഉണ്ടായിട്ടില്ല, മറ്റൊരു ജീവനക്കാരി പറഞ്ഞു. ടാര്‍ഗറ്റ് ഇല്ല. എഗ്രിമെന്റും ബോണ്ടും ഇല്ല. ശമ്പളം, കമ്മിഷന്‍ ബേസ്ഡ് ആണ്. തൃപ്തിയോടെയാണ് ജോലി ചെയ്യുന്നത്. മനാഫ് ഇവിടെ ജോലി ചെയ്തിരുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. മനാഫ് പോയ ശേഷം ഇപ്പോള്‍ നല്ല രീതിക്കാണ് മുന്നോട്ടുപോകുന്നതെന്ന് മറ്റൊരു ജീവനക്കാരി പ്രതികരിച്ചു.

നായയുടെ ബെല്‍റ്റ് കഴുത്തിലിട്ട് മുട്ടിലിഴയിച്ചു, നിലത്തിട്ട നാണയം നക്കിയെടുപ്പിച്ചു തുടങ്ങിയ പീഡനങ്ങള്‍ നടന്നുവെന്നായിരുന്നു പരാതിയുമായി രംഗത്തെത്തിയവര്‍ പറഞ്ഞിരുന്നത്. ഇതോടെ വിഷയത്തില്‍ തൊഴില്‍മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ ലേബര്‍ ഓഫീസര്‍ സ്ഥലത്ത് പോയി അന്വേഷണം നടത്താനും മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. പെരുമ്പാവൂര്‍ പോലീസും വിഷയത്തില്‍ ഇടപെട്ടു.

ഇതിനിടെയാണ് കഴുത്തില്‍ തുടലിട്ട് മുട്ടിലിഴയുന്ന ദൃശ്യത്തിലെ യുവാവ് മറ്റൊരു മൊഴിയുമായി പോലീസ് സ്റ്റേഷനിലെത്തുന്നത്. സ്ഥാപനത്തിലെ ചില ജീവനക്കാര്‍ തമ്മിലുള്ള വൈരാഗ്യം തീര്‍ക്കുന്നതിനായി ഇത്തരമൊരു വീഡിയോ എടുക്കുകയും അത് പ്രചരിപ്പിക്കുകയുമായിരുന്നു എന്നാണ് യുവാവ് പറഞ്ഞത്. ജില്ലാ ലേബര്‍ ഓഫീസര്‍ക്കും ഇതേ മൊഴിയാണ് നല്‍കിയത്. നാല് മാസം മുന്‍പാണ് താന്‍ സ്ഥാപനത്തില്‍ ചേര്‍ന്നത്.

ഇത്തരത്തില്‍ ഒരു വീഡിയോ ചിത്രീകരിക്കുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ താന്‍ അതിന് വഴങ്ങിക്കൊടുത്തു. പിന്നീട് മാനേജര്‍മാര്‍ തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ഒന്നോ രണ്ടോ പേര്‍ക്കെതിരേ നടപടിയുണ്ടാകും എന്ന ഘട്ടമെത്തിയപ്പോള്‍ വീഡിയോ പുറത്തുവിടുകയുമായിരുന്നു എന്നാണ് യുവാവിന്റെ മൊഴി. വീഡിയോ പ്രചരിച്ചതോടെ തനിക്ക് അഭിമാനക്ഷതമുണ്ടായെന്നും യുവാവ് കൂട്ടിച്ചേര്‍ന്നു. തൊഴില്‍പീഡനത്തെ കുറിച്ച് വാദവും എതിര്‍വാദവും ഉയര്‍ന്നതോടെ വിശദമായ അന്വേഷണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് അധികൃതര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News