ബ്രിക്‌സിനൊപ്പം ചേരുന്ന രാജ്യങ്ങൾക്ക് തീരുവ; ഭീഷണിയുമായി ട്രംപ്

ന്യൂയോർക്ക്: വളരുന്ന സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ‘ബ്രിക്സ്’ ഉയർത്തുന്ന ‘യുഎസ് വിരുദ്ധ നയ’ങ്ങൾക്കൊപ്പം ചേരുന്ന എല്ലാ രാജ്യങ്ങൾക്കും 10 ശതമാനം അധികതീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തീരുവക്കാര്യത്തിൽ ശ്രദ്ധചെലുത്തിയതിന് നന്ദിയെന്നു പറഞ്ഞ് ബ്രിക്സിനെ ട്രംപ് പരിഹസിക്കുകയും ചെയ്തു.

ആഗോളസമ്പദ്‍വ്യവസ്ഥയെ അട്ടിമറിക്കുംവിധമുള്ള യുഎസിന്റെ തീരുവ പ്രഖ്യാപനത്തെ ബ്രിക്സ് ഞായറാഴ്ച സംയുക്തപ്രസ്താവനയിലൂടെ അപലപിച്ചിരുന്നു. ട്രംപിന്റെ പേരെടുത്തുപറയാതെയായിരുന്നു വിമർശനം.

ബ്രിക്സ് ഏറ്റമുട്ടലിനുള്ള വേദിയല്ലെന്നും അത് മൂന്നാമതൊരു രാഷ്ട്രത്തെയും ലക്ഷ്യമിടുന്നില്ലെന്നും ചൈന വ്യക്തമാക്കി. ട്രംപിന്റെ 10 ശതമാനം തീരുവ ഭീഷണിയോടായിരുന്നു പ്രതികരണം. വികസിച്ചുവരുന്ന രാഷ്ട്രങ്ങളുടെ സാമ്പത്തിക-വാണിജ്യ സഹകരണം ഉറപ്പാക്കാനുള്ള പ്രധാനപ്പെട്ട വേദിയാണ് ബ്രിക്സെന്നും ചൈനീസ് വിദേശകാര്യവക്താവ് മാവോ നിങ് പറഞ്ഞു. യുഎസിൽനിന്ന് നേരിടാൻ പോകുന്ന തീരുവ സംബന്ധിച്ച് 12 രാജ്യങ്ങൾക്ക് തിങ്കളാഴ്ച കത്തയക്കുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. സങ്കീർണമായ വ്യാപാരചർച്ചകളേക്കാൾ കത്താണ് എളുപ്പമെന്നും യുഎസിന്റെ തീരുവ, ബന്ധപ്പെട്ട രാജ്യങ്ങൾക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും ട്രംപ് പറഞ്ഞിരുന്നു.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായിരുന്ന ബ്രിക്സിൽ 2024-ൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളും 2025-ൽ ഇൻഡൊനീഷ്യയും അംഗമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News