‘ഇത് കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’; ഇറാനിനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി ട്രംപ്

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും, ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം- ട്രംപ്

വാഷിങ്ടൺ: ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിൽ നിലവിൽ സൈനിക നീക്കങ്ങൾ നിലച്ചിരിക്കുന്ന സാഹചര്യത്തെ ‘കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇറാനുമേൽ വീണ്ടും വ്യോമാക്രമണം നടത്തുന്നതിനെക്കുറിച്ച് ട്രംപ് ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതിനുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. 

ഇറാനുമായുള്ള സംഘർഷം തുടരുന്നതായി സൂചിപ്പിക്കുന്ന ഒരു എഐ നിർമിത ചിത്രവും ട്രംപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. കൊടുങ്കാറ്റുള്ള കടലിൽ യുഎസ് നാവികസേനയുടെ കപ്പലിൽ അഡ്മിറലിനൊപ്പം നിൽക്കുന്ന ട്രംപിനെയാണ് ചിത്രത്തിൽ കാണുന്നത്. പശ്ചാത്തലത്തിൽ ഇറാനിയൻ കപ്പലുകളും മിന്നൽപ്പിണരുകളും ദൃശ്യമാണ്.

ഏപ്രിൽ എട്ടിന് ഇരുരാജ്യങ്ങൾക്കിടയിൽ നിലവിൽവന്ന വെടിനിർത്തൽ കരാർ തുടരുന്നുണ്ടെങ്കിലും  ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും ഇറാന്റെ ആക്രമണങ്ങളും സംബന്ധിച്ച് തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്.

സമാധാന ചർച്ചകൾക്കായി പാകിസ്താൻ മധ്യസ്ഥത വഹിക്കുന്നുണ്ടെങ്കിലും ഇറാൻ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. തങ്ങൾ മുന്നോട്ടുവെച്ച 14 ഇന സമാധാന നിർദേശങ്ങൾ അംഗീകരിക്കാതെ മറ്റ് ചർച്ചകൾ ഫലപ്രദമാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ ചർച്ചകൾക്കായി വാഷിങ്ടണിൽനിന്ന് സന്ദേശങ്ങൾ ലഭിച്ചതായി ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി  സ്ഥിരീകരിച്ചെങ്കിലും അമേരിക്കയുടെ നീക്കങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News