ലോസ് ആഞ്ജലിസ്: ഹോളിവുഡ് സിനിമാ ആസ്ഥാനമായ യുഎസിലെ ലോസ് ആഞ്ജലിസിൽ കുടിയേറ്റക്കാരും സുരക്ഷാസേനയും തമ്മിലുണ്ടായ സംഘർഷം നാഷണൽ ഗാർഡിനെയിറക്കി നേരിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റുചെയ്ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യവകുപ്പ് (ഐസിഇ) പാരമൗണ്ടിൽ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് പ്രതിഷേധമാരംഭിച്ചത്.
രണ്ടുദിവസംനീണ്ട പ്രതിഷേധം അടിച്ചമർത്താൻ രണ്ടായിരത്തോളം നാഷണൽ ഗാർഡ് അംഗങ്ങളെ വിന്യസിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. ഇതനുസരിച്ച് ഞായറാഴ്ച നാഷണൽ ഗാർഡ് ഇറങ്ങിയെന്ന് ‘എബിസി 7’ റിപ്പോർട്ടുചെയ്തു. പിന്നാലെ രണ്ടുദിവസത്തെ അക്രമങ്ങൾ അമർച്ചചെയ്ത നാഷണൽ ഗാർഡിനെ ട്രംപ് വാഴ്ത്തി.
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിന്റെ എതിർപ്പ് മറികടന്നാണ് ട്രംപ്, യുഎസ് സൈന്യത്തിന്റെ ഭാഗമായ നാഷണൽ ഗാർഡിനെ ലോസ് ആഞ്ജലിസിൽ ഇറക്കിയത്. അശാന്തി തുടർന്നാൽ നാവികസേനാംഗങ്ങളെ ഇറക്കുമെന്ന് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സൂചിപ്പിച്ചു.
കാലിഫോർണിയയിലെ ഡെമോക്രാറ്റിക് സർക്കാർ പ്രതിഷേധത്തിനുനേരേ നടപടി സ്വീകരിച്ചില്ലെങ്കിൽ താൻ ഇടപെടുമെന്ന് ട്രംപ് മുന്നറിയിപ്പുനൽകിയിരുന്നു. അനധികൃതകുടിയേറ്റക്കാരായ ‘ക്രിമിനലുകളു’ടെ അധിനിവേശം തടയാനാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും കാലിഫോർണിയയിലെ ഡെമോക്രാറ്റിക് നേതാക്കൾ ജനങ്ങളുടെ സുരക്ഷയുറപ്പാക്കാതെ അനാസ്ഥ കാണിക്കുകയാണെന്നും വൈറ്റ്ഹൗസ് മാധ്യമസെക്രട്ടറി കരോലിൻ ലീവിറ്റ് ആരോപിച്ചു. ട്രംപിന്റെ തീരുമാനം സംഘർഷം മനഃപൂർവം ആളിക്കത്തിക്കുന്നതും ജനങ്ങളെ പരിഭ്രാന്തരാക്കുന്നതുമാണെന്ന് ന്യൂസം പറഞ്ഞു. ശാന്തത കൈവെടിയരുതെന്ന് അദ്ദേഹം ജനങ്ങളോട് നിർദേശിച്ചു.
പാരമൗണ്ടിലെ ഫാഷൻ ഡിസ്ട്രിക്ടിലും ഹോം ഡിപ്പോയിലും വ്യാഴാഴ്ച വ്യാപക റെയ്ഡ് നടന്നതോടെയാണ് വെള്ളിയാഴ്ച ആളുകൾ തെരുവിലിറങ്ങിയത്. ആഭ്യന്തരസുരക്ഷാമന്ത്രാലയത്തിന്റെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചവർക്കുനേരേ പോലീസ് കണ്ണീർവാതകവും പുകബോംബുകളും മുളകുസ്‌പ്രേയും പ്രയോഗിച്ചു. പിന്നാലെ പ്രതിഷേധക്കാർ അതിർത്തിസംരക്ഷണസേനയുടെ നിരീക്ഷണവാനുകൾക്കുനേരേ കല്ലും സിമന്റുകട്ടകളുമെറിഞ്ഞു. കോംപ്ടണിൽ കാർ അഗ്നിക്കിരയാക്കി. ജയിലുൾപ്പെടെയുള്ള സർക്കാർസ്ഥാപനങ്ങൾക്കുമുന്നിലും പ്രതിഷേധമുണ്ടായി.
നിയമപാലനം തടസ്സപ്പെടുത്തിയെന്നുപറഞ്ഞ് യൂണിയൻ നേതാവുൾപ്പെടെ ഡസൻകണക്കിന് ആളുകളെ അറസ്റ്റുചെയ്തു. നിയമവിരുദ്ധ സംഘംചേരൽ പോലീസ് നിരോധിച്ചു. ലാറ്റിനോകൾ കൂടുതൽ താമസിക്കുന്ന ഇടമാണ് പാരാമൗണ്ട്.
ഒരാഴ്ചയ്ക്കിടെ ലോസ് ആഞ്ജലിസിൽനിന്ന് 118 അനനധികൃതകുടിയേറ്റക്കാരെയാണ് കുടിയേറ്റകാര്യവിഭാഗം അറസ്റ്റുചെയ്തത്. ജനുവരിയിൽ അധികാരത്തിലെത്തിയശേഷം നിയമവിരുദ്ധകുടിയേറ്റക്കാർക്കെതിരേ കടുത്ത നടപടിയാണ് ട്രംപ് സർക്കാർ സ്വീകരിക്കുന്നത്. പ്രതിദിനം 3000 കുടിയേറ്റക്കാരെ അറസ്റ്റുചെയ്യണമെന്നതാണ് ഐസിഇയുടെ പ്രഖ്യാപിതലക്ഷ്യം.


