‘ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ?’ നയന്‍താരയുടെ പുതിയ ചിത്രത്തിന്റെ പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിലെ താരത്തിന്റെ ലുക്കിനെതിരെ നിരവധി സോഷ്യല്‍ മീഡിയകളില്‍ വന്‍ ട്രോളുകളാണ് പ്രചരിക്കുന്നത്.
കൈയ്യില്‍ ത്രിശൂലവുമായി നില്‍ക്കുന്ന മൂക്കുത്തി അമ്മന്‍ എന്ന ദേവിയുടെ ഗെറ്റപ്പിലാണ് താരം പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ താരത്തിന്റെ മുടിയാണ് ഇവിടെ പ്രശ്നം ആയത്. ‘ഹെയര്‍ കളറിംഗ് ചെയ്ത അമ്മനോ?’, ‘ഇതെന്താ മോഡേണ്‍ അമ്മനാണോ’, ‘ഫാന്‍സി ഡ്രസ് കോംപറ്റീഷന്‍ പോലെയുണ്ട്’ എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിലെ താരത്തിന്റെ ലുക്കിനെതിരെ വന്നിരിക്കുന്ന കമന്റുകള്‍.
അതേസമയം താരത്തെ പ്രശംസിച്ചും നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഒരു ട്വിസ്റ്റോടെ എത്തുന്ന ഭക്തി കഥയാകും മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന്റെ പ്രമേയം എന്നാണ് റിപ്പോര്‍ട്ട്. ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷാരി കെ ഗണേഷ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.