കൊറോണ വൈറസിനും ജീവിക്കാന്‍ അവകാശമുണ്ട്, മനുഷ്യര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ജനിതകമാറ്റം ഉണ്ടാകുന്നെന്ന് ബി.ജെ.പി മുന്‍മുഖ്യമന്ത്രി; ട്രോള്‍ മഴ

ഡെറാഡൂണ്‍: കൊറോണ വൈറസ് ഒരു ജീവജാലമാണെന്നും അതിനും ജീവിക്കാന്‍ അവകാശമുണ്ടെന്നും പ്രസ്താവിച്ച് മുന്‍ബിജെപി മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത്. വ്യാഴാഴ്ച ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് സംസാരിക്കവേയാണ് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവ് ത്രിവേന്ദ്ര സിങ് കൊറോണയുടെ ‘അവകാശങ്ങള്‍ക്ക്’ വേണ്ടി വാദിച്ചത്.

‘ദാര്‍ശനികമായി ചിന്തിക്കുമ്പോള്‍ കൊറോണ വൈറസും ഒരു ജീവജാലമാണ്. നമ്മളെപ്പോലെ ജീവിക്കാനുള്ള അവകാശം കൊറോണ വൈറസിനും ഉണ്ട്. നമ്മള്‍ മനുഷ്യര്‍ ഏറ്റവും ബുദ്ധിമാന്മാരാണെന്ന് കരുതുകയും കൊറോണയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ വൈറസ് നിരന്തരം ജനിതകമാറ്റത്തിന് വിധേയമാകുന്നു’- എന്നായിരുന്നു ത്രിവേന്ദ്രയുടെ പ്രസ്താവന.

അതേസമയം, വൈറസിനെ മറികടക്കാന്‍ നമ്മള്‍ സുരക്ഷിതരായി ഇരിക്കേണ്ടതുണ്ടെന്നും ത്രവേന്ദ്ര കൂട്ടി ചേര്‍ത്തു. അദ്ദേഹത്തിന്റെ പരാമര്‍ശത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ വലിയ രീതിയിലുള്ള ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുതുതായി നിര്‍മ്മിക്കുന്ന സെന്‍ട്രെല്‍ വിസ്തയില്‍ കൊവിഡിന് അഭയം നല്‍കണമെന്ന് റാവത്തിനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ കുറിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News