തിരുവനന്തപുരം: തിരുവനന്തപുരം പേട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ലഭിച്ച ഉടമസ്ഥരില്ലാത്ത സ്വര്‍ണമാല പൊതുലേലം ചെയ്യാനുള്ള നീക്കത്തില്‍ പൊലീസ്. ഏകദേശം 31 ഗ്രാം തൂക്കം വരുന്ന ഈ മാലയില്‍ ഇതുവരെ ആരും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ലേലം നടപടികളിലേക്ക് നീങ്ങുന്നതെന്ന് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കേരള പോലീസ് ആക്ട് സെക്ഷന്‍ 56 പ്രകാരം, ഇത്തരം വസ്തുക്കള്‍ അവകാശിയില്ലാത്തതായി കണക്കാക്കിയാണ് ലേലത്തിന് വെക്കുന്നത്. ഈ മാലയുടെ ഉടമസ്ഥര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ 2026 ഏപ്രില്‍ 27 മുതല്‍ 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സഹിതം പേട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാകണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (SHO) മുന്‍പാകെ രേഖാമൂലം പരാതി നല്‍കിയാല്‍ നിയമപരമായ പരിശോധനകള്‍ക്ക് ശേഷം മാല വിട്ടുനല്‍കും.
നിശ്ചയിച്ചിട്ടുള്ള 30 ദിവസത്തെ കാലാവധിക്കുള്ളില്‍ ആരും അവകാശവാദം ഉന്നയിച്ചില്ലെങ്കില്‍ മാല പൊതുലേലത്തിലൂടെ വില്‍പന നടത്തും. ഇങ്ങനെ ലഭിക്കുന്ന തുക കേരള സര്‍ക്കാരിന്റെ ‘ക്രിമിനല്‍ ജസ്റ്റിസ് മിസലേനിയസ് എക്‌സ്‌പെന്‍സ് ഫണ്ടിലേക്ക്’ (Criminal Justice Miscellaneous Expense Fund) വകയിരുത്തുമെന്നും സിറ്റി പോലീസ് കമ്മിഷണര്‍ പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
കേരള പോലീസ് ആക്ട് 56 /4 പ്രകാരം തിരുവനന്തപുരം ജില്ല പോലീസ് മേധാവി പുറപ്പെടുവിക്കുന്നത്. തിരുവനന്തപുരം സിറ്റി ജില്ലാ പരിധിയില്‍പെട്ട പേട്ട പോലീസ് സ്റ്റേഷനില്‍ പരിധിയില്‍ നിന്നും ഏകദേശം 31ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാല കളഞ്ഞു കിട്ടിയിട്ടുള്ളതാണ് നാളിതുവരെയായി ആരും തന്നെ ഈ വസ്തുവില്‍ അവകാശവാദം ഉന്നയിച്ചിട്ടില്ലാത്തതാണ്. കേരള പോലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ച് പൊതുലേലം ചെയ്യുന്നതിന് തീരുമാനിച്ചിട്ടുള്ളതാണ്.
ആയതിനാല്‍ മേല്‍പ്പറഞ്ഞ വസ്തുക്കളില്‍ മേല്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാന്‍ ഉണ്ടെങ്കില്‍ തീയതി മുതല്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം പേട്ട പോലീസ് സ്റ്റേഷനില്‍ ഹാജരായി സ്റ്റേഷന്‍ എസ് എച്ച് ഓ മുന്‍പാകെ തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണ്. മേല്‍ കാലാവധിക്കുള്ളില്‍ ആരുംതന്നെ മേല്‍പ്പറഞ്ഞ പ്രകാരം അവകാശവാദം ഉന്നയിക്കുന്നില്ലെങ്കില്‍ ടി വസ്തുക്കള്‍ക്ക് അവകാശികള്‍ ഇല്ലാത്തതായി പരിഗണിച്ച് കേരള പോലീസ് ആക്ട് 56/7 പ്രകാരം പൊതു ലേലത്തിലൂടെ വില്‍പ്പന നടത്തി തുക കേരള സര്‍ക്കാരിന്റെ Criminal Justice Miscellaneous Expense Fund ലേക്ക് വക ചേര്‍ക്കുന്നതായിരിക്കും
Thiruvananthapuram District Police Chief has announced the public auction of an unclaimed gold necklace recovered within the Pettah police station limits. The necklace, weighing approximately 31 grams, will be auctioned as no rightful owner has come forward to claim it despite a significant waiting period. Individuals who may have lost such an ornament are urged to contact the Pettah police station with valid proof before the auction proceedings begin.


