തിരുവനന്തപുരം:2021-ൽ വിമാനത്താവളം അദാനിയുടെ കൈകളിലേക്ക്. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് കൈമാറാനുള്ള കരാര്‍ ജനുവരിയില്‍ ഒപ്പുവെക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിമാനത്താവളം അദാനിക്ക് കൈമാറുന്നതിെനതിരെ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും സുപ്രീംകോടതിയില്‍ നിയമപോരാട്ടത്തിലാണ്. എന്നാല്‍ എതിര്‍പ്പുകള്‍ മുഖവിലെക്കടുക്കാതെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നടത്തിപ്പവകാശം അദാനിക്ക് നല്ക്കാനുള്ള തിടുക്കപ്പെട്ട തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത്. എന്നാൽ കഴിഞ്ഞമാസം കേന്ദ്രം അദാനിക്ക് വിമാനത്താവളം എറ്റെടുത്ത് നടത്തുന്നതിനുള്ള സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കിയിരുന്നു. സെക്യൂരിറ്റി ക്ലിയറന്‍സ് കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് 45 ദിവസത്തിനുള്ളില്‍ വിമാനത്താവള നടത്തിപ്പ് എറ്റെടുക്കണം. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സെക്യൂരിറ്റി ക്ലിയറന്‍സ് നല്‍കിയത്.
എന്നാൽ സ്വകാര്യവത്കരിച്ച വിമാനത്താവളങ്ങളില്‍ പരസ്യത്തിലൂടെയും റിയല്‍ എസ്റ്റേറ്റ് വികസനത്തിലൂടെയുമാണ് നടത്തിപ്പുകാര്‍ മുടക്കുമുതല്‍ തിരിച്ചുപിടിക്കുന്നത്. അതിനാല്‍ നടത്തിപ്പവകാശം എറ്റെടുക്കുന്നവര്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ സഹായം എറെ ആവശ്യമാണ്. കൂടുതല്‍ സ്ഥലം എറ്റെടുത്താല്‍ മാത്രമേ വിമാനത്താവളത്തിന്റെ വികസനത്തിനായി മുടക്കുന്ന കോടികള്‍ തിരിച്ചുപിടിക്കാന്‍ കഴിയൂ. നിലവില്‍ പണമുണ്ടാക്കാനുള്ള റിയല്‍ എസ്റ്റേറ്റ്, വികസന സംരംഭങ്ങള്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഭൂമി കുറവാണ്. തിരുവനന്തപുരം വിമാനത്താവളം വഴി കടന്നുപോകുന്ന ഓരോ യാത്രക്കാരനും 168 രൂപ വീതം അദാനി വിമാനത്താവള അതോറിറ്റിക്ക് നല്‍കണമെന്നതാണ് കരാര്‍ വ്യവസ്ഥ. ഇതില്‍നിന്ന് ലഭിക്കുന്ന വരുമാനം മാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നത് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.