NationalNews

മാപ്പ് പറയണം; മുൻ എഐഎഡിഎംകെ നേതാവിനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് തൃഷ

ചെന്നൈ:തൃഷയ്ക്കെതിരെ (Trisha Krishnan) അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുന്‍ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ (AV Raju) വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എ.വി രാജുവിനെതിരെ പരാതി നല്‍കുമെന്ന് തൃഷ നേരത്തെ പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ രാജുവിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുകയാണ് തൃഷ. ഇതിന്റെ വിവരങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ തൃഷ പങ്കുവെച്ചിട്ടുണ്ട്.

തന്നെ സംബന്ധിച്ച അഭിപ്രായങ്ങളും റിപ്പോര്‍ട്ടുകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും, പൊതുവേദിയില്‍ സമാനമായ പരാമര്‍ശങ്ങളിലൂടെ തന്റെ പ്രതിച്ഛായ കൂടുതല്‍ നശിപ്പിക്കരുതെന്നും തൃഷ നോട്ടീസിലൂടെ ആവശ്യപ്പെട്ടു.നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ എവി രാജു തന്നോട് നിരുപാധികം മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

അഞ്ചു ലക്ഷത്തിലധികം സര്‍ക്കുലേഷനുള്ള പ്രമുഖ തമിഴ്, ഇംഗ്ലീഷ് പത്രത്തിലായിരിക്കണം മാപ്പപേക്ഷ പ്രസിദ്ധീകരിക്കേണ്ടത്. യുട്യൂബില്‍ മാപ്പ് പറയുന്ന വീഡിയോ റിലീസ് ചെയ്യണമെന്നും തൃഷ ആവശ്യപ്പെട്ടു. നോട്ടീസിലെ ആവശ്യങ്ങള്‍ പാലിക്കാത്ത പക്ഷം സിവില്‍, ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നും തൃഷ വ്യക്തമാക്കി.

മുന്‍ എഐഎഡിഎംകെ നേതാവ് എവി രാജു അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തൃഷയ്‌ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. രാജുവിന്റെ ആരോപണത്തിന് ആരാധകരില്‍ നിന്നും സിനിമാ പ്രവര്‍ത്തകരില്‍ നിന്നും കടുത്ത പ്രതികരണമാണ് ലഭിച്ചത്.

ചെന്നൈ കൂവത്തൂരിലെ ബീച്ച് സൈഡ് റിസോര്‍ട്ടില്‍ തങ്ങളുടെ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനുള്ള എഐഎഡിഎംകെയുടെ ശ്രമങ്ങളുമായി ഭാഗമായി ഒരു എംഎല്‍എ ആവശ്യപ്പെട്ട പ്രകാരം തൃഷയെ റിസോര്‍ട്ടില്‍ എത്തിച്ചു എന്നായിരുന്നു എവി രാജുവിന്റെ പരാമര്‍ശം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button