ജിമ്മിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിവിൽപന; തൃപ്രയാറിൽ യുവതി പിടിയിൽ, രണ്ട് കിലോയിലേറെ ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിസലൂണിന്റെയും മറവിൽ ലഹരിവിൽപ്പന; ഹാഷിഷ് ഓയിലുമായി തൃശ്ശൂരിൽ യുവതി പിടിയിൽ

തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി. പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മി (30) ആണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ പോലീസ് പിടിച്ചെടുത്തു. ലഹരി വിൽപനയിലൂടെ സമ്പാദിച്ച 90,500 രൂപയും ഹാഷിഷ് ഓയിൽ ചില്ലറ വിൽപനയ്ക്കായി കരുതിയിരുന്ന 50 ചെറിയ പ്ലാസ്റ്റിക് കുപ്പികളും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. തൃപ്രയാർ ബസ് സ്റ്റാന്റിന് സമീപമുള്ള ജിംനേഷ്യത്തിൽ ജോലി ചെയ്തുവരികയായിരുന്നു ശ്രീലക്ഷ്മി.

തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായി റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരമാണ് വലിയൊരു ലഹരിവേട്ടയിലേക്ക് നയിച്ചത്. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിച്ച പോലീസ് സംഘം, അന്വേഷണം ലഹരിയുടെ ഉറവിടത്തിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. കരയാമുട്ടം സൊസൈറ്റിക്ക് സമീപം യുവതി താമസിക്കുന്ന വാടകവീട്ടിൽ വെച്ചാണ് ഡാൻസാഫ് (DANSAF) സംഘവും വലപ്പാട് പോലീസും ചേർന്ന് പ്രതിയെ വലയിലാക്കിയത്.

അതീവ ജാഗ്രതയോടെയായിരുന്നു ശ്രീലക്ഷ്മിയുടെ ലഹരി ഇടപാടുകൾ. പോലീസ്-എക്സൈസ് പരിശോധനകൾ വെട്ടിക്കാൻ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് മാത്രമാണ് ഇവർ മയക്കുമരുന്ന് കൈമാറിയിരുന്നത്. ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ നടത്തിയിരുന്ന ഈ ബിസിനസ് പുറംലോകം അറിയാതിരിക്കാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ സൈബർ സെല്ലിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കൃത്യമായ നീക്കത്തിലൂടെ പോലീസ് സംഘം ഇവരുടെ ഒളിത്താവളം കണ്ടെത്തുകയായിരുന്നു.

യുവതിക്ക് മയക്കുമരുന്ന് എത്തിച്ചു നൽകുന്ന പ്രധാനിയെക്കുറിച്ച് പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ലഹരിമരുന്ന് എവിടെ നിന്നാണ് എത്തിക്കുന്നതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പിടിയിലായ യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വരും ദിവസങ്ങളിൽ മേഖലയിലെ ജിമ്മുകളിലും സമാന സ്ഥാപനങ്ങളിലും പരിശോധന കർശനമാക്കാനാണ് പോലീസിന്റെ തീരുമാനം.

റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ സലാം, വാടാനപ്പള്ളി ഐ.എസ്.എച്ച്.ഒ മാത്യു, വലപ്പാട് എസ്.ഐ എബിൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. ഡാൻസാഫ് എസ്.ഐമാരായ സി.ആർ പ്രദീപ്, ഷൈൻ, എ.എസ്.ഐ ലിജു ഇയ്യാനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Thrissur Rural Police arrested a 30-year-old woman, Sreelakshmi, for allegedly running a large-scale drug peddling business under the guise of a gymnasium and beauty salon near Triprayar. Authorities seized 2.270 kg of hashish oil, ₹90,500 in drug money, and 50 small plastic bottles intended for retail sale. The arrest followed a tip-off about increasing drug abuse among students in coastal areas.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News