കൊച്ചി:എറണാകുളത്ത് കോവിഡ് ആശങ്കപ്പെടുത്തുന്ന സാഹച്യമാണെങ്കിലും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ആവശ്യമെങ്കിൽ മാത്രമേ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തൂ എന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കും. കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂട്ടേണ്ടിവരും. എറണാകുളത്തേക്കാൾ ഗുരുതരമായ അവസ്ഥ ആലുവയിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
എന്നാൽ ആലുവ, ചമ്പക്കര മാർക്കറ്റുകൾ അണുവിമുക്തമാക്കിയ ശേഷം നാളെ പോലീസ് സാന്നിധ്യത്തിൽ താൽക്കാലികമായി തുറക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഒരു സമയം എത്ര പേർക്ക് നിൽക്കാം എന്ന കാര്യത്തിൽ ഉൾപ്പെടെ പോലീസ് നിർദേശം നൽകും. ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി എടുക്കുമെന്നും അധികൃതർ അറിയിച്ചു.
എറണാകുളത്ത് ഇന്ന് പുതുതായി ആറ് കണ്ടെയ്മെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകളും മൂന്നാം വാർഡിലെ മുനമ്പം ഫിഷിങ് ഹാർബറും മാർക്കറ്റും, എടത്തല ഗ്രാമപഞ്ചായത്തിലെ 13, 4 വാർഡുകളും കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡുമാണ് നിയന്ത്രിത മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നത്.