കരുനാഗപ്പള്ളി : ഗൾഫ് നാടുകളിൽ നിന്നും നാട്ടിലേക്ക് വരുവാൻ വേണ്ടി പ്രവാസികൾ പലരും നാട്ടിൽ നിന്നുള്ള ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത് പതിവാണ്. ഗൾഫ് നാടുകളിൽ സ്കൂളുകളിൽ അവധിക്കാലം ആരംഭിക്കുമ്പോഴും നാട്ടിലെ ഓണം ക്രിസ്മസ് ദീപാവലി പെരുന്നാൾ തുടങ്ങിയ ഉത്സവ സീസണുകളിലും വിമാന കമ്പനികൾ സാധാരണ ടിക്കറ്റിന് നാലിരട്ടി വരെ ഈടാക്കുന്ന പകൾക്കൊള്ള പതിവാണ്. എന്നാൽ ഇതേ പാത പിന്തുടരുകയാണ് കേരളത്തിലെ ചില ട്രാവൽ ഏജൻസികളും.
ഒരു ടിക്കറ്റിനുമേൽ 500 രൂപ വരെ ചില ഏജൻസികൾ ലാഭം എടുക്കാറുണ്ട് എന്നാൽ നിലവിൽ 3500 രൂപ വരെയാണ് ചില ട്രാവൽ ഏജന്റ് മാർ ഒരു ടിക്കറ്റിന് മുകളിൽ ചുമത്തുന്നത്. വിമാന കമ്പനി നൽകുന്ന പണം അടച്ച രസീത് ട്രാവൽ ഏജൻസികൾ ഉപഭോക്താക്കൾക്ക് നൽകാറില്ല പകരം ട്രാവൽ ഏജന്റിന്റെ ബില്ല് ആയിരിക്കും നൽകുന്നത്. എന്നാൽ വിമാന കമ്പനിയുടെ വെബ്സൈറ്റിൽ കയറി പി.എൻ.ആർ ചെക്ക് ചെയ്താൽ കൃത്യമായ തുക എത്രയാണെന്ന് അറിയാൻ സാധിക്കും.
ടിക്കറ്റ് ഇഷ്യൂ ചെയ്യുമ്പോൾ വിമാന കമ്പനി നൽകുന്ന ടിക്കറ്റ് അല്ല ട്രാവൽ ഏജൻസികൾ ഉപഭോക്താക്കൾക്ക് നൽകുന്നത് പകരം ട്രാവൽ ഏജൻസികൾ പി.എൻ.ആർ ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത ടിക്കറ്റാണ് നൽകുന്നത്. വിമാനത്താവളത്തിൽ പി.എൻ.ആർ മാത്രം കാണിച്ചാൽ ബോർഡിങ് പാസ്സ് ലഭിക്കും അവിടെ ടിക്കറ്റ് തുക പരിശോധിക്കാത്തതും ട്രാവൽ ഏജൻസികൾക്ക് പകൽകൊള്ളാ നടത്താൻ അവസരമൊരുക്കുകയാണ്.
കഴിഞ്ഞദിവസം ഒരു ഉപഭോക്താവ് കൊല്ലം ജില്ലയിലെ വള്ളിക്കാവിലെ ഒരു ഏജൻസിയിൽ നിന്നുമെടുത്ത എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിൽ 25500 രൂപയാണ് ഏജൻസി കാണിച്ചിരിക്കുന്നത്. യാത്രക്കാരൻ യു. എ. ഇ യിൽ നിന്നും നാട്ടിലേക്ക് സഞ്ചരിക്കുമ്പോൾ കയ്യിൽ കരുതേണ്ട എയർ സുവിധ എടുക്കുന്നതിന് ഓൺലൈനിൽ പരിശോധിച്ചപ്പോൾ ഈ ടിക്കറ്റിന്റെ വില 22097 രൂപ മാത്രമാണ്. അതായത് 3403 രൂപയാണ് അധികമായി ഈടാക്കിയത്.
ഇതിനെതിരെ ഉപഭോക്താവ് മിഡിൽ ഈസ്റ്റ് എയർ ഇന്ത്യ അധികൃതർക്കും, ഇന്ത്യയിലെ എയർ ഇന്ത്യ അധികൃതർക്കും, ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിനും, കേരള എസ്പി എൻആർഐ സെല്ലിനും നോർക്ക റൂട്ട്സിനും പരാതി നൽകിയിട്ടുണ്ട്. വിമാനകമ്പനിയുടെ പകൽ കൊള്ളയിൽ നാട്ടിലേക്ക് വരുവാൻ ബുദ്ധിമുട്ടുന്ന പ്രവാസികളെ മറ്റൊരു രീതിയിൽ ചൂഷണം ചെയ്യുകയാണ് ട്രാവൽ ഏജൻസികൾ. പ്രവാസികളെ കൊള്ളയടിക്കുന്ന ഇത്തരം ട്രാവൽ ഏജൻസികൾക്കെതിരെ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രവാസി സംഘടനകൾ ആവശ്യപ്പെടുന്നത്.