ടിക്കറ്റ് എടുക്കാന്‍ പറഞ്ഞത് ഇഷ്ടമായില്ല; യാത്രക്കാരന്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു

ടിക്കറ്റ് എടുക്കാന്‍ പറഞ്ഞത് ഇഷ്ടമായില്ല; യാത്രക്കാരന്‍ സ്വകാര്യ ബസ് കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു

കൂത്താട്ടുകുളം: ടിക്കറ്റ് എടുക്കാന്‍ പറഞ്ഞതിന് യാത്രക്കാരന്‍ ബസ് കണ്ടക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു. മുണ്ടക്കയം-എറണാകുളം സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ക്കാണ് യാത്രക്കാരന്റെ കുത്തേറ്റത്. കെഎംഎസ് ബസിലെ കണ്ടക്ടര്‍ കാഞ്ഞിരപ്പള്ളി, ആനക്കല്ല് കിഴക്കേത്തലക്കല്‍ ജോജോ ആന്റണി (51) ക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വെളിയന്നൂര്‍ പുതുവേലി പാലശ്ശേരിയില്‍ രാമചന്ദ്രന്‍ (62) പോലീസ് പിടിയിലായി.

എറണാകുളത്തേക്കുള്ള ബസില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൂത്താട്ടുകുളത്ത് നിന്നാണ് രാമചന്ദ്രന്‍ ബസില്‍ കയറിയത്. പൈറ്റക്കുളം ഭാഗത്ത് ബസ് എത്തിയപ്പോള്‍ രാമചന്ദ്രനോട് ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ജോജോ ആവശ്യപ്പെട്ടു. എന്നാല്‍, രാമചന്ദ്രന്‍ ടിക്കറ്റെടുക്കാന്‍ തയ്യാറാകാതെ അശ്ലീല ആംഗ്യം കാണിച്ചതായി കണ്ടക്ടര്‍ പറയുന്നു.

ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റത്തിനിടയില്‍ കൈയില്‍ കരുതിയിരുന്ന ഇരുമ്പുപകരണം ഉപയോഗിച്ച് ജോജോയെ കുത്തി പരിക്കേല്‍പ്പിച്ചു. നെഞ്ചില്‍ പരിക്കേറ്റ ജോജോയെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസാരശേഷിയില്ലാത്ത ആളാണ് ആക്രമണം നടത്തിയ രാമചന്ദ്രന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News