transgender ananya ലിംഗ മാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ചത് ഗുരുതര പിഴവ്,റനെ മെഡിസിറ്റിയിലെ ഡോക്ടര്‍ പ്രതിക്കൂട്ടില്‍,സമഗ്ര അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി

കൊച്ചി:സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌കണ്ടര്‍ റേഡിയോ ജോക്കിയും ആദ്യ നിയമസഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന അനന്യ കുമാരി അലക്‌സിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി.ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര പിഴവ് സംഭവിച്ചതാണ് അനന്യയെ മരണത്തിലേക്ക് തള്ളിവിടാന്‍ കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ഇടപ്പള്ളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടക്കും. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അനന്യയെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ ഡോക്ടറുടെ കയ്യില്‍ നിന്നും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് അനന്യ ഫേസ് ബുക്കില്‍ ആരാപിച്ചിരുന്നു. ശസ്ത്രക്രിയയിലെ പിഴവ് മൂലം ജോലി ചെയ്യാന്‍ കഴിയാത്ത രീതിയില്‍ ഗുരുതര ശാരീരിക പ്രശ്നങ്ങള്‍ നേരിട്ടിരുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അനന്യ വെളിപ്പെടുത്തിയിരുന്നു.

2020ലാണ് അനന്യ വജയിനോപ്ലാസിസ് സര്‍ജറി ചെയ്യുന്നത്. ഒരു വര്‍ഷം കഴിയുമ്പോഴും നിശ്ചിത സമയത്തില്‍ കൂടുതല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയുന്നില്ലെന്ന് അനന്യ പറഞ്ഞിരുന്നു. ശാരീരിക പ്രയാസങ്ങള്‍ മൂലം ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് അനന്യ വ്യക്തമാക്കി.

വിജയകരമായി നടക്കേണ്ട ലിംഗമാറ്റ ശസ്ത്രക്രിയയയായിരുന്നു എന്റേത്. കൊല്ലം ജില്ലക്കാരിയായ ഞാന്‍ 28വയസുള്ള ട്രാന്‍സ്ജെന്‍ഡര്‍ യുവതിയാണ്. ആരോഗ്യരംഗത്ത് നിന്ന് ഞാന്‍ നേരിട്ട ഒരു ദുരനുഭവം. ഒപ്പം നിങ്ങളുടെ മുന്നില്‍ കൈകൂപ്പി ഒരു അപേക്ഷയും. റേഡിയോ ജോക്കിയും അവതാരകയുമായ എനിക്ക് ഇന്ന് ഒരു ജോലിയും ചെയ്യാനാകുന്നില്ല. എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ആകുന്നില്ല.

ലിംഗമാറ്റ ശസ്ത്രക്രിയ എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തത്.ശസ്ത്രക്രിയയില്‍ പിഴവുണ്ടായി. അത് ഡോക്ടറും സമ്മതിച്ചിരുന്നു. പ്രധാനമായും ഡോ.അര്‍ജുന്‍ അശോകനെന്ന സര്‍ജനാണ് 2020 ജൂണ്‍ 14ന് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. ഒരു വര്‍ഷവും ഒരു മാസവും പിന്നിടുമ്പോഴും ഒരു സമയത്തിനപ്പുറം എഴുന്നേറ്റ് നില്‍ക്കാനോ, ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച എനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായത്. സമാനമായി ശസ്ത്രക്രിയയില്‍ പരാജയപ്പെട്ട് ഗുരുതര പ്രശ്നം നേരിടുന്ന മറ്റ് പലരും ഉണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു അനന്യ. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയാണ്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്നാണ് അനന്യ കുമാരി അലക്സ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News