കൊച്ചി: മംഗള എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ പിടിച്ചിട്ടതോടെ വെള്ളിയാഴ്ച യാത്രക്കാർക്ക് ദുരിതരാത്രിയായി. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് തളർന്ന് സ്വന്തം നാടുകളിലേക്ക് എങ്ങനെയെങ്കിലുമെത്താൻ ട്രെയിനിനെ ആശ്രയിച്ച സ്ത്രീകളുൾപ്പെടുന്ന ഉദ്യോഗസ്ഥരും പിടിച്ചിടലിൽ പെട്ടു. കടുത്ത ചൂടു കൂടിയായതോടെ ദുരിതം ഇരട്ടിച്ചു.
മണിക്കൂറുകൾ വൈകിയായിരുന്നു ഡൽഹിയിൽ നിന്ന് എറണാകുളത്തേക്കുള്ള മംഗളയുടെ യാത്ര. പലയിടത്തും മണിക്കൂറുകൾ പിടിച്ചിട്ടു. വോട്ടെടുപ്പ് പ്രമാണിച്ച് അവധി ദിനമായതിനാൽ ബസുകളും നിരത്തിൽ കുറവായിരുന്നു. അതിനാൽ അത്യാവശ്യക്കാർക്ക് പോകാൻ മറ്റു മാർഗവുമുണ്ടായിരുന്നില്ല. ഇതോടെ ആളുകൾ ശരിക്കും കുടുങ്ങി. രാവിലെ ഏഴരയ്ക്ക് എറണാകുളം സൗത്തിൽ എത്തേണ്ട മംഗള എക്സ്പ്രസ് ആറുമണിയായിട്ടും ഷൊർണൂരിൽത്തന്നെ കിടക്കുകയായിരുന്നു. പിന്നെയും മൂന്നര മണിക്കൂർ വൈകിയാണ് വണ്ടി എറണാകുളത്തെത്തിയത്.
മംഗലാപുരത്തു നിന്ന് കൊച്ചുവേളിയിലേക്കുള്ള ഇലക്ഷൻ സ്പെഷ്യൽ ട്രെയിൻ ആറു മണിക്കൂർ വൈകിയാണ് ഓടിയത്. പുറത്തു നിന്ന് വോട്ട് ചെയ്യാനെത്തുന്നവർക്ക് യാത്രാസൗകര്യത്തിനാണ് ഇലക്ഷൻ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഓടിച്ചത്. രാവിലെയുള്ള കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദിയും ഒരു മണിക്കൂറോളം വൈകി. ട്രാക്കിലെ പണിയാണ് ട്രെയിനുകൾ വൈകാൻ കാരണമെന്നായിരുന്നു റെയിൽവേയുടെ വിശദീകരണം. യാത്രക്കാർ പരാതിപ്പെട്ടപ്പോൾ ഇതു സംബന്ധിച്ച് നേരത്തേ അറിയിപ്പു നൽകിയതാണെന്നും അധികൃതർ അറിയിച്ചു.